ഐപിഎൽ ചരിത്രത്തിൽ തന്നെയാദ്യം: ചരിത്രത്തിൽ ഇടം നേടി സഞ്ജുവിന്റെ മാസ് സെഞ്ചുറി

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (12:25 IST)
ഐപിഎല്ലിൽ നായകനായുള്ള മലയാളിതാരം സഞ്ജു സാംസണിന്റെ ആദ്യ മത്സരത്തെ ആകാംക്ഷയോടെ‌യാണ് ആരാധകർ കാത്തിരുന്നത്. രാജസ്ഥാൻ റോയൽസിനായി എല്ലായിപ്പോഴും തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന സഞ്ജു നായകനായി അരങ്ങേറിയപ്പോൾ ഐപിഎല്ലിൽ തന്നെ മറ്റാ‌ർക്കും തകർക്കാൻ ആവാത്ത റെക്കോർഡ് കൂടി സ്വന്തമാക്കിയാണ് മടങ്ങുന്നത്.

ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. പഞ്ചാബ് കിംഗ്സ് പേസര്‍ ജേ റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്ത് അതിര്‍ത്തി കടത്തിയാണ് സഞ്ജു ക്യാപ്‌റ്റനെന്ന നിലയിലെ തന്റെ കന്നി ശതകം തികച്ചത്. 54 പന്തിലായിരുന്നു സഞ്ജുവിന്റെ മൂന്നാമത് ശതകം.

മത്സരത്തിൽ 63 പന്തിൽ 12 ഫോറുകളും 7 സിക്‌സറുകളും അടക്കം 119 റൺസെടുത്ത് അഴിഞ്ഞാടിയ സ‌ഞ്ജുവായിരുന്നു രാജസ്ഥാന് അപ്രാപ്യമായ ടോട്ടലിലേക്ക് ടീമിനെ നയിച്ചത്. ആദ്യ 33 പന്തുകളിൽ അർധസെഞ്ചുറി നേടിയ താരം പിന്നീട് കത്തികയറുകയായിരുന്നു.

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്‌സ് നിശ്ചിത ഓവറിൽ 221 റൺസാണ് നേടിയത്. പഞ്ചാബിനായി കെ എല്‍ രാഹുല്‍(50 പന്തിൽ 91 റൺസ്), ദീപക് ഹൂഡ(28 പന്തില്‍ 64 റൺസ്), ക്രിസ് ഗെയ്‌ല്‍(28 പന്തില്‍ 40 റൺസ്) നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായെങ്കിലും സഞ്ജുവിന്റെ ഒറ്റയാൻ പ്രകടനത്തിൽ മത്സരം അവസാന ബോൾ വരെ നീളുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :