അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (12:37 IST)
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയം നേടിയപ്പോൾ കൊൽക്കത്ത ഇതുവരെയും കളിപ്പിക്കാതിരുന്നല്ലോക്കി ഫെർഗൂസണായിരുന്നു മത്സരത്തിലെ ഹീറോ. സൂപ്പർ ഓവറിലെ രണ്ട് വിക്കറ്റുകളടക്കം 5 വിക്കറ്റുകളാണ് ലോക്കി ഒരൊറ്റ മത്സരത്തിൽ പിഴുതെടുത്തത്. ഐപിഎല്ലിൽ തന്നെ ഇതുവരെയും കളിപ്പിക്കാതിരുന്ന ടീം മാനേജ്‌മെന്റിനോടുള്ള മറുപടി കൂടിയായിരുന്നു താരത്തിന്റെ പ്രകടനം.
നേരത്തെ മത്സരത്തിൽ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ലോക്കി കെയ്ന്‍ വില്ല്യംസണ്‍, പ്രിയം ഗാര്‍ഗ്, മനീഷ് പാണ്ഡെ എന്നിവരുടെ വിക്കറ്റുകൾ എടുത്തിരുന്നു. സൂപ്പര്‍ ഓവറില്‍ ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ പന്തേല്‍പ്പിച്ചപ്പോള്‍ കൃത്യമായ പ്ലാനിങോടെയാണ് താന്‍ ബൗള്‍ ചെയ്തതെന്നാണ് ലോക്കി പറയുന്നത്. സൂപ്പർ ഓവറിൽ ആദ്യ പന്തില്‍ നായകന്‍ ഡേവിഡ് വാര്‍ണറെ ക്ലീന്‍ ബൗള്‍ഡാക്കി മൂന്നാം പന്തിൽ അബ്ദുള്‍ സമദിന്റെയും കുറ്റി തെറിപ്പിച്ചാണ് ലോക്കി തന്റെ വരവറിയിച്ചത്. അതേസമയം സൂപ്പര്‍ ഓവറിന്റെ തുടക്കത്തില്‍ തന്നെ വാര്‍ണറെ പുറത്താക്കാനായതാണ് കളിയില്‍ തന്റെ ഫേവറിറ്റ് വിക്കറ്റെന്ന് ലോക്കി പറയുന്നു.
മോർഗനെ പോലൊരു നായകനെ ലഭിച്ചത് വലിയൊരു നേട്ടമാണെന്നും ലോക്കി പറഞ്ഞു. അതേസമയം മത്സരശേഷം ലോക്കിയെ അഭിനന്ദിക്കാനും മോർഗൻ മറന്നില്ല. നേരത്തെ ദിനേശ് കാർത്തിക് നായകനായ മത്സരങ്ങളിൽ ലോക്കി കൊൽക്കത്തയ്‌ക്ക്ആയി കളത്തിലിറങ്ങിയിരുന്നില്ല.