IPL 2020: ബാംഗ്ലൂര്‍ പുറത്ത്, ഹൈദരാബാദിന് 6 വിക്കറ്റ് ജയം

ബോബി സ്റ്റീഫന്‍| Last Modified വെള്ളി, 6 നവം‌ബര്‍ 2020 (23:18 IST)
അവസാന ഓവര്‍ വരെ നിറഞ്ഞുനിന്ന ആവേശത്തിന് ജാസണ്‍ ഹോള്‍ഡറുടെ തുടര്‍ച്ചയായുള്ള രണ്ട് ബൌണ്ടറികളോടെ ഉത്തരമായി. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പുറത്തായി. ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍‌സിനെയാണ് ഹൈദരാബാദ് നേരിടുക.

ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ താരതമ്യേന ചെറിയ സ്കോറായ 131 എന്നതില്‍ ഒതുങ്ങിയപ്പോള്‍ തന്നെ സണ്‍ റൈസേഴ്‌സിന്‍റെ വിജയം പ്രതീക്ഷിച്ചതാണ്. എന്നാല്‍ ബാംഗ്ലൂരിന്‍റെ ബൌളര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ബാംഗ്ലൂര്‍ വിജയത്തിലേക്ക് നീങ്ങുമോ എന്നുപോലും സംശയിച്ചു. അവസാന ഓവര്‍ വരെ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്‌തു.

കെയിന്‍ വില്യംസണും ജാസണ്‍ ഹോള്‍ഡറും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ടാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്. വില്യംസണ്‍ 50 റണ്‍സും ഹോള്‍ഡര്‍ 24 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. മനീഷ് പാണ്ഡേ (24), ഡേവിഡ് വാര്‍ണര്‍ (17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു.

ബാംഗ്ലൂര്‍ ബാറ്റിംഗ് നിരയില്‍ എ ബി ഡിവില്ലിയേഴ്‌സ് (56), ആരോണ്‍ ഫിഞ്ച് (32) എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ഹൈദരാബാദിന് വേണ്ടി ഹോള്‍ഡര്‍ മൂന്ന് വിക്കറ്റുകളും നടരാജന്‍ രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :