ഐപി‌എല്ലിന് റോയല്‍ അവസാനം

PTI
ഐപി‌എല്‍ പരമ്പരയുടെ അവസാന മത്സരം അവസാന പന്ത് വരെ നീണ്ടപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലേക്ക് ഒരു സംസ്ഥാനത്തിന്‍റെ പേരു കൂടി സുവര്‍ണ ലിപികളിലെഴുതി ചേര്‍ക്കുകയായിരുന്നു. രാജസ്ഥാന്‍ ടീം ഐ‌പി‌എല്‍ കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ചു.

നാടും നഗരവും അറിഞ്ഞ് പരസ്യത്തിന്‍റെയും വമ്പന്‍ താരങ്ങളുടെയും അകമ്പടിയോടെ ഐപി‌എല്‍ ടീമുകള്‍ മാധ്യമങ്ങളില്‍ കളം നിറഞ്ഞ് ആടിയപ്പോള്‍ രാസ്ഥാനെ ആരും അറിയില്ലായിരുന്നു. എന്നാല്‍, ഐപി‌എല്‍ മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍ കഥ മാറി. ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തില്‍ രാജസ്ഥാന്‍ റോയല്‍‌സിന്‍റെ കുട്ടികള്‍ക്ക് വിജയം ഒരു ശീലമാവുകയായിരുന്നു.

ടൂര്‍ണമെന്‍റില്‍ രാ‍ജസ്ഥാന്‍ കളിച്ച 16 മത്സരങ്ങളില്‍ 14 ലും അവര്‍ വിജയം നേടി. ലീഗ് മത്സരങ്ങളില്‍ 11 വിജയം. സെമിയില്‍ നാടുകുലുക്കിയെത്തിയ ഡയര്‍ ഡെവിള്‍സിനെ നിലം തൊടിക്കാതൊരു പറത്തല്‍ പിന്നീട് ഫൈനലില്‍ ഇതാ ചൈന്നെ സൂ‍പ്പര്‍ കിംഗ്സിനു മേല്‍ വാശിയേറിയ ജയവും കിരീട ധാരണവും!

ചൈന്നെയെ ആദ്യം ബാറ്റിംഗിന് അയച്ച് അവരെ 163 റണ്‍സില്‍ ചുരുട്ടിക്കെട്ടിയപ്പോള്‍ എല്ലാവരും കരുതി രാജസ്ഥാന് വിജയം അനായാസമായിരിക്കുമെന്ന്. എന്നാല്‍, ധോനിയും കൂട്ടരും കടുത്ത പ്രതിരോധമാണ് പിന്നീട് നടത്തിയത്, അവസാന പന്തുവരെ.

പതിനേഴാം ഓവറില്‍ നാല്‍ വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എന്ന നിലയിലായിരുന്ന റോയല്‍‌സ് മുന്നോട്ടോ പിന്നോട്ടോ എന്ന് കാണികള്‍ക്ക് പറയാന്‍ കഴിഞ്ഞില്ല. പിന്നീട്, യൂസുഫ് പഠാന്‍ മുത്തയ്യ മുരളീധരനെ രണ്ട് സിക്സര്‍ പറത്തി കളി തിരിച്ചു കൊണ്ടുവന്നു. മുരളീധരന്‍ എറിഞ്ഞ ആ ഓവറില്‍ കൈഫിനെ നഷ്ടമായി . അടുത്ത ഓവറില്‍ ആദ്യ പന്തില്‍ റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയും നാലാം പന്തില്‍ യൂസുഫ് പഠാനും മടങ്ങിയതോടെ ജയം ആര്‍ക്ക് എന്ന ഉദ്വേഗം വീണ്ടും ശക്തമായി.

14 പന്തില്‍ 21 റണ്‍സ് എന്ന വിജയ ലക്‍ഷ്യം മാത്രം മുന്നില്‍ കണ്ട ക്യാപ്റ്റന്‍ വോണും സൊഹൈല്‍ തന്‍‌വീറും കണക്കുകളില്‍ കുരുങ്ങിയില്ല. വോണ്‍ ഒരു ബൌണ്ടറി നേടി വിജയത്തെ തന്‍റെ പക്ഷത്തേക്ക് ആകര്‍ഷിച്ചു. എന്‍റിനിയുടെ പത്തൊമ്പതാം ഓവറില്‍ റോയല്‍‌സ് 10 റണ്‍സ് നേടി. ബാലാജി എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 8 റന്‍സിനു വേണ്ടി റോയല്‍‌സ് അവസാന പന്ത് വരെ പോരാടി. സുഹൈലാണ് വിജയ റണ്‍ നേടിയത്.

മുംബൈ| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :