Will Jacks: യാര് യാ നീ, 50ൽ നിന്നും 100ലെത്താൻ ജാക്സിന് വേണ്ടിവന്നത് വെറും 6 മിനിറ്റ്, അമ്പരന്ന് കോലി

Will Jacks,RCB,IPL24
അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (12:18 IST)
Will Jacks,RCB,IPL24
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പൂ പറിക്കുന്ന ലാഘവത്തില്‍ മറികടന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു. കോലിയും ഡിവില്ലിയേഴ്‌സുമെല്ലാം അടങ്ങുന്ന വമ്പന്‍ ബാറ്റിംഗ് നിര എക്കാലത്തും ഉണ്ടായിരുന്നെങ്ക്കിലും 200ന് മുകളിലുള്ള വിജയലക്ഷ്യം ആര്‍സിബി പിന്തുടര്‍ന്ന് വിജയിച്ച് 14 വര്‍ഷങ്ങളായിരുന്നു. ക്യാപ്റ്റന്‍ ഡുപ്ലെസിസ് ചെറിയ സ്‌കോറിന് പുറത്തായിട്ടും വെറും 16 ഓവറിലാണ് ആര്‍സിബി വിജയലക്ഷ്യത്തിലെത്തിയത്. കോലി ഒരറ്റത്ത് ഉറച്ചുനിന്നപ്പോള്‍ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം പുറത്തെടുത്ത വില്‍ ജാക്‌സാണ് ആര്‍സിബിയുടെ വിജയം വേഗത്തിലാക്കിയത്.

തുടക്കത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരെ പതറിയ വില്‍ ജാക്‌സ് റണ്‍സ് നേടുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ റണ്‍റേറ്റ് താഴെ പോകാതെ കാത്തത് കോലിയായിരുന്നു. കോലി 50 റണ്‍സ് തികയ്ക്കുമ്പോള്‍ 16 പന്തില്‍ 16 റണ്‍സ് മാത്രമായിരുന്നു വില്‍ ജാക്‌സിന്റെ സമ്പാദ്യം. ഒരു ബൗണ്ടറി മാത്രമാണ് ഈ സമയത്ത് ജാക്‌സ് നേടിയിരുന്നത്. എന്നാല്‍ പതിനൊന്നാം ഓവറില്‍ മോഹിത് ശര്‍മ എത്തിയതോടെ വില്‍ ജാക്‌സ് തന്റെ വിശ്വരൂപം കാട്ടി. ആ ഓവര്‍ അവസാനിക്കുമ്പോള്‍ ജാക്‌സിന്റെ സ്‌കോര്‍ 22 പന്തില്‍ 29 റണ്‍സ്. പതിനാലാം ഓവറില്‍ 31 പന്തില്‍ വില്‍ ജാക്‌സ് അര്‍ധസെഞ്ചുറിയിലേക്ക് എത്തുമ്പോള്‍ ആര്‍സിബിക്ക് വിജയിക്കാനായി വേണ്ടിയിരുന്നത് ആറോവറില്‍ 52 റണ്‍സായിരുന്നു.

എന്നാല്‍ ടോപ് ഗിയറിലേക്ക് ഇന്നിങ്ങ്‌സ് മാറ്റിയ വില്‍ ജാക്‌സ് പതിനഞ്ചാം ഓവര്‍ എറിഞ്ഞ മോഹിത് ശര്‍മകെതിരെ നേടിയത് 29 റണ്‍സാണ്. ഇതോടെ ജാക്‌സിന്റെ സ്‌കോര്‍ 36 പന്തില്‍ നിന്നും 72ലേക്ക് പറന്നു. റണ്‍റേറ്റ് പിടിച്ചുനിര്‍ത്താന്‍ ഗുജറാത്ത് തങ്ങളുടെ വജ്രായുധമായ റാഷിദ് ഖാനെ ഇറക്കിയെങ്കിലും ആദ്യ പന്തില്‍ കോലി ജാക്‌സിന് സിംഗിള്‍ നല്‍കി. അടുത്ത 2 പന്തും സിക്‌സ് പറത്തിയ ജാക്‌സ് നാലാം പന്തില്‍ ബൗണ്ടറിയും തുടര്‍ന്നുള്ള 2 പന്തുകളില്‍ സിക്‌സുകളും നേടിയതോടെ ആര്‍സിബി അവിശ്വസനീയമായ വിജയം സ്വന്തമാക്കി. 41 പന്തില്‍ ജാക്‌സ് സെഞ്ചുറിയും തികച്ചു.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ റാഷിദിനെ ഒരു സ്‌കൂള്‍ ബൗളറെ പോലെ കൈകാര്യം ചെയ്യുന്നത് കണ്ട് കോലി പലപ്പോഴും അന്തം വിട്ട് നില്‍ക്കുകപോലുമുണ്ടായി. 6:42 ന് അര്‍ധസെഞ്ചുറി തികച്ച താരം സെഞ്ചുറി ആകുമ്പോള്‍ വെറും 6 മിനിറ്റുകള്‍ മാത്രമാണ് കടന്നുപോയത്. 31 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഇടത്ത് നിന്ന് സെഞ്ചുറിയിലേക്കെത്തുമ്പോള്‍ വെറും 41 പന്ത് മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :