'റണ്‍ഔട്ട് ആയാലും എനിക്ക് കുഴപ്പമില്ല, ഞാന്‍ ഓടാം'; പവലിനോട് വാര്‍ണര്‍

രേണുക വേണു| Last Modified വെള്ളി, 6 മെയ് 2022 (11:31 IST)

സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചത് 21 റണ്‍സിനാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 186 റണ്‍സാണ്.

58 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം 92 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണറും 35 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സുമായി പുറത്താകാതെ നിന്ന റോവ്മാന്‍ പവലുമാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ഒന്നിച്ച് 122 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

അവസാന ഓവറുകളിലേക്ക് മത്സരം എത്തിയപ്പോള്‍ തങ്ങള്‍ക്കിടയിലുണ്ടായ സംസാരത്തെ കുറിച്ച് മത്സരശേഷം ഡേവിഡ് വാര്‍ണര്‍ വെളിപ്പെടുത്തി. തന്റെ സെഞ്ചുറിയെ കുറിച്ച് ആലോചിക്കേണ്ട എന്നും പവലിനോട് കളിക്കാന്‍ പറയുകയായിരുന്നെന്നും വാര്‍ണര്‍ പറഞ്ഞു. സെഞ്ചുറിയടിക്കാന്‍ വേണ്ടി സ്‌ട്രൈക് മാറി നല്‍കാമെന്ന് പവല്‍ പറഞ്ഞെങ്കിലും വാര്‍ണര്‍ അത് നിഷേധിച്ചു. മാത്രമല്ല ഡബിള്‍ ഓടാന്‍ വരെ തയ്യാറാണെന്നും റണ്‍ഔട്ടായാലും കുഴപ്പമില്ലെന്നും വാര്‍ണര്‍ പവലിനോട് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :