അഭിറാം മനോഹർ|
Last Modified ബുധന്‍, 27 മാര്‍ച്ച് 2024 (20:20 IST)
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സ്‌ഫോടനാത്മകമായ തുടക്കം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ സൂര്യന്‍ ആദ്യ ഓവറുകളില്‍ തന്നെ ഉദിച്ചപ്പോള്‍ ബുമ്രയും കൂറ്റ്‌സെയും അടങ്ങുന്ന ബൗളിങ് നിര അടപടലമായി മാറി. പവര്‍ പ്ലേയില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് മാത്രമാണ് മുംബൈയ്ക്ക് സ്വന്തമാക്കാനായുള്ളു. 6 ഓവറുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 81 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ഇതില്‍ 59 റണ്‍സും നേടിയത് ഹൈദരാബാദിന്റെ ഓസീസ് താരമായ ട്രാവിസ് ഹെഡായിരുന്നു.
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ നിര്‍ത്തിയ ഇടത്ത് നിന്നും തുടങ്ങിയ പോലെയായയിരുന്നു ട്രാവിസ് ഹെഡിന്റെ പ്രകടനം. 18 പന്തില്‍ നിന്നും അര്‍ധസെഞ്ചുറി നേടിയ താരം ഐപിഎല്ലിലെ ഒരു ഹൈദരാബാദ് താരത്തിന്റെ ഏറ്റവും വേഗതായര്‍ന്ന അര്‍ധസെഞ്ചുറി നേട്ടവും സ്വന്തമാക്കി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഹൈദരാബാദ് 8 ഓവറില്‍ 117 റണ്‍സിന് 2 വിക്കറ്റെന്ന നിലയിലാണ്. 24 പന്തില്‍ 62 റണ്‍സെടുത്ത ഓപ്പണര്‍ ട്രാവിസ് ഹെഡാണ് മായങ്കിന് പുറമെ പുറത്തായത്. ജെറാള്‍ഡ് കൂറ്റ്‌സെയും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് മുംബൈയ്ക്കായി വിക്കറ്റുകള്‍ സ്വന്തമാക്കിയത്.