ക്‌ലാസന്റെ ഷോയില്‍ കാവ്യാ മാരന്റെ മുഖം തെളിഞ്ഞു, പിന്നാലെ ട്വിസ്റ്റ് ഒടുവില്‍ പതിവ് പോലെ ശോകമൂകം: ട്രോളുകളുമായി സോഷ്യല്‍ മീഡിയ

Kavya maaran SRH
അഭിറാം മനോഹർ| Last Modified ഞായര്‍, 24 മാര്‍ച്ച് 2024 (09:40 IST)
ഐപിഎല്ലില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ത്രില്ലറിനൊടുവിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഹൈദരാബാദ് പരാജയം സമ്മതിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയിരുന്നത്. 25 പന്തില്‍ നിന്നും പുറത്താകാതെ 64 റണ്‍സുമായി തിളങ്ങിയ വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയെ ശക്തമായ നിലയിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 7 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്.

209 റണ്‍സെന്ന ശക്തമായ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും അഭിഷേക് ശര്‍മ്മയും ചേര്‍ന്ന നല്‍കിയത്. എന്നാല്‍ ആദ്യ വിക്കറ്റിന് പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് ഹൈദരാബാദിനെ പിന്‍സീറ്റിലാക്കി. വിജയലക്ഷ്യം തീര്‍ത്തും അപ്രാപ്യമായിരുന്ന ഘട്ടത്തില്‍ ഹെന്റിച്ച് ക്ലാസന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഹൈദരാബാദിനെ മത്സരത്തില്‍ തിരികെയെത്തിച്ചത്. 29 പന്തില്‍ 63 റണ്‍സാണ് ക്ലാസന്‍ നേടിയത്. മത്സരത്തിന്റെ അവസാനഓവറില്‍ 13 റണ്‍സായിരുന്നു ഹൈദരാബാദിന് ജയിക്കാനായി വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ക്ലാസന്‍ സിക്‌സ് നേടിയതോടെ ഹൈദരാബാദ് ഏറെക്കുറെ വിജയം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹൈദരാബാദ് സിഇഒയായ കാവ്യാ മാരന്‍ ആഘോഷം ആരംഭിക്കുകയും ചെയ്തു. രണ്ടാം പന്തില്‍ ക്ലാസന്‍ സിംഗിളെടുത്തു. അടുത്ത പന്തില്‍ ഹര്‍ഷിത് റാണ ഷഹ്ബാസിനെ മടക്കി. നാലാം പന്തില്‍ ജാന്‍സന്‍ സിംഗിളെടുത്തു. അഞ്ചാം പന്തില്‍ ക്ലാസന്‍ ഹൈദരാബാദിനെ വിജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും റാണയുടെ സ്ലോവറില്‍ ക്ലാസന്‍ വീണൂ.

ഇതോടെ ഹൈദരാബാദിന്റെ വിജയപ്രതീക്ഷകളും അസ്തമിച്ചു. അവസാന പന്ത് നേരിട്ട കമ്മിന്‍സിന് പന്തില്‍ തൊടാന്‍ പോലുമാവാതെയിരുന്നതോടെ ഹൈദരാബാദ് ക്യാമ്പ് ശോകമൂകമായി. മത്സരത്തില്‍ ഹൈദരാബാദിനായി ടി നടരാജന്‍ 3 വിക്കറ്റ് വീഴ്ത്തി. കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിത് റാണയും 3 വിക്കറ്റുകളുമായി തിളങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :