രേണുക വേണു|
Last Modified ബുധന്‍, 19 മാര്‍ച്ച് 2025 (12:36 IST)
Mumbai Indians: ഐപിഎല്‍ 2025 ലെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല. കഴിഞ്ഞ സീസണിലെ മുംബൈയുടെ അവസാന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഹാര്‍ദിക്കിനു ഒരു മത്സരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിലക്ക് ഉള്ളതിനാലാണ് മുംബൈ നായകനു സീസണിലെ ആദ്യ മത്സരം നഷ്ടമാകുക.
മാര്‍ച്ച് 23 ഞായറാഴ്ച രാത്രി 7.30 നാണ് മുംബൈയുടെ ആദ്യ മത്സരം. ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് മുംബൈയുടെ എതിരാളികള്‍. ഹാര്‍ദിക്കിന്റെ അസാന്നിധ്യത്തില്‍ സൂര്യകുമാര്‍ യാദവ് ആയിരിക്കും മുംബൈയെ നയിക്കുക. മാര്‍ച്ച് 29 നു നടക്കുന്ന ഗുജറാത്തിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തുകയും ടീമിനെ നയിക്കുകയും ചെയ്യും.
ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകനും ട്വന്റി 20 നായകനും ഹാര്‍ദിക്കിനു കീഴില്‍ കളിക്കണമെന്ന പ്രത്യേകതയും മുംബൈ ഇന്ത്യന്‍സിലുണ്ട്. ഇന്ത്യയുടെ നായകന്‍മാരായ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മുംബൈ താരങ്ങളാണ്.