Pat Cummins: ഐപിഎല്ലിൽ 9 ഇന്ത്യൻ നായകന്മാർക്ക് മുന്നിൽ വില്ലനായി ഒരേയൊരു വിദേശ നായകൻ, മിസ്റ്റർ സൈലൻസർ പാറ്റ് കമ്മിൻസ്

Pat cummins,IPL 2024
Pat cummins,IPL 2024
അഭിറാം മനോഹർ| Last Modified ചൊവ്വ, 18 മാര്‍ച്ച് 2025 (19:52 IST)
ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ ആരംഭിക്കാനായി ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വിദേശതാരങ്ങളും ഇന്ത്യന്‍ താരങ്ങളുമെല്ലാം ഐപിഎല്ലിനായി ഫ്രാഞ്ചൈസികളുടെ പരിശീലന ക്യാമ്പില്‍ എത്തിക്കഴിഞ്ഞു. ഇത്തവണ ഐപിഎല്‍ നടക്കുമ്പോള്‍ 5 ടീമുകളാണ് പുതിയ ക്യാപ്റ്റന്മാരുമായി എത്തുന്നത്. 10 ടീമുകളില്‍ 9 ടീമുകളിലും ഇന്ത്യന്‍ നായകന്മാരാണുള്ളത്. ഒരേ ഒരു ഫ്രാഞ്ചൈസി മാത്രമാണ് വിദേശ ക്യാപ്റ്റനുമായി ഐപിഎല്ലില്‍ എത്തുന്നത്.

കഴിഞ്ഞ സീസണിലെ തിരിച്ചടിയില്‍ നിന്നും തിരിച്ചെത്തി കിരീടം നേടാന്‍ ലക്ഷ്യമിട്ടാണ് മുംബൈ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ എത്തുന്നത്. ധോനിയില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റുവാങ്ങിയ റുതുരാജ് ഗെയ്ക്ക്വാദാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍. ലീഗിലെ ശക്തരായ കൊല്‍ക്കത്തയുടെ നായകനാകുന്നത് വെറ്ററന്‍ താരമായ അജിങ്ക്യ രഹാനെയും. കഴിഞ്ഞ കുറച്ച് സീസണുകളിലായി രാജസ്ഥാന്‍ നായകനായി തിളങ്ങിയ സഞ്ജു സാംസണും നായകന്മാരുടെ ലിസ്റ്റിലുണ്ട്.


ലഖ്‌നൗ നായകനായി റിഷഭ് പന്തും ഡല്‍ഹി നായകനായി അക്ഷര്‍ പട്ടേലുമാണ് ഇത്തവണ എത്തുക. കഴിഞ്ഞ തവണത്തെ ഐപിഎല്‍ വിജയിച്ച നായകനായ ശ്രേയസ് അയ്യര്‍ ഇത്തവണ പഞ്ചാബ് നായകനായാണ് എത്തുന്നത്. വലിയ ഫാന്‍ ബെയ്‌സുള്ള ആര്‍സിബിയുടെ നായകനാകുന്നത് രജത് പാട്ടീധാറാണ്. ഗുജറാത്ത് നായകനായി ശുഭ്മാന്‍ ഗില്ലും എത്തുന്നതോടെ 9 ടീമുകളുടെയും നായകന്മാര്‍ ഇന്ത്യന്‍ താരങ്ങളാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ മാത്രമാണ് വിദേശ ക്യാപ്റ്റനുള്ളത്.


എന്നാല്‍ നിലവിലെ താരങ്ങളുടെ ഫോമും ടീം ബാലന്‍സും പരിഗണിക്കുമ്പോള്‍ ഇത്തവണ ഐപിഎല്‍ സ്വന്തമാക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളില്‍ ഒന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ഒന്നടങ്കം സൈലന്റാക്കിയ
പാറ്റ് കമ്മിന്‍സിന് ഐപിഎല്ലിലെ മറ്റ് 9 ഇന്ത്യന്‍ നായകന്മാരെ സൈലന്റാക്കാന്‍ പറ്റുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :