Shubman Gill : ഫോര്‍മാറ്റ് ഏതും ആകട്ടെ സെഞ്ചുറി അടിച്ചാണ് ശീലം, അപൂര്‍വനേട്ടം സ്വന്തമാക്കി ശുഭ്മാന്‍ ഗില്‍

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 മെയ് 2023 (13:23 IST)
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെ അപൂര്‍വനേട്ടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 58 പന്തുകളില്‍ നിന്നും 101 റണ്‍സ് നേടിയാണ് ഇന്നലെ ഗില്‍ പുറത്തായത്. 13 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ സെഞ്ചുറി. ഐപിഎല്ലില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്.

ഐപിഎല്ലില്‍ കൂടി സെഞ്ചുറി നേടിയതോടെ 2023ല്‍ ക്രിക്കറ്റിന്റെ നാല് വിഭാഗങ്ങളില്‍ സെഞ്ചുറി നേടുന്ന അപൂര്‍വതയാണ് 23കാരനായ ഗില്ലിനെ തേടിയെത്തിയത്. 2023ല്‍ ടെസ്റ്റിലും ഏകദിനത്തിലും അന്താരാഷ്ട്ര ടി20യിലും സെഞ്ചുറി നേടിയതിന് പുറമെയാണ് ഐപിഎല്ലിലും സെഞ്ചുറി നേട്ടം ഗില്‍ സ്വന്തമാക്കിയത്. അതേസമയം താരത്തിന്റെ ഈ നാല് സെഞ്ചുറികളില്‍ മൂന്നെണ്ണവും നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ്.

ഇന്നലെ നേടിയ സെഞ്ചുറിക്ക് പുറമെ ഇന്ത്യന്‍ ജേഴ്‌സിയില്‍ ടെസ്റ്റിലും ടി20യിലും ഗില്‍ സെഞ്ചുറി നേടിയത് മോദി സ്‌റ്റേഡിയത്തിലാണ്. ഇന്നലത്തെ സെഞ്ചുറിയോടെ ഗുജറാത്ത് ടൈറ്റന്‍സിനായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ടൈറ്റന്‍സിനായി 1000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന നേട്ടവും ഗില്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ ഇതുവരെ 87 മത്സരങ്ങളില്‍ നിന്നും 2476 റണ്‍സാണ് ഗില്ലിന്റെ പേരിലുള്ളത്. ഐപിഎല്ലില്‍ 13 കളികളില്‍ നിന്നും 576 റണ്‍സുമായി ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍ ഇപ്പോഴുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :