രേണുക വേണു|
Last Modified ചൊവ്വ, 16 മെയ് 2023 (09:27 IST)
Hardik Pandya: രോഹിത് ശര്‍മയ്ക്ക് ശേഷം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. രോഹിത്തിന്റെ അസാന്നിധ്യത്തില്‍ പലവട്ടം ഹാര്‍ദിക് ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2024 ട്വന്റി 20 ലോകകപ്പില്‍ ഹാര്‍ദിക് ഇന്ത്യന്‍ നായകനാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഹാര്‍ദിക്കിന്റെ ബാറ്റിങ്ങിലെ മോശം ഫോം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്ന ഹാര്‍ദിക്കിന് ടീമിന് വേണ്ടി ബാറ്റ് കൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ഇങ്ങനെയൊരു താരത്തെയാണോ ഭാവി ഇന്ത്യന്‍ ക്യാപ്റ്റനായി പരിഗണിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
ഈ സീസണില്‍ 12 കളികളില്‍ നിന്ന് വെറും 289 റണ്‍സ് മാത്രമാണ് ഹാര്‍ദിക് ഇതുവരെ നേടിയിരിക്കുന്നത്. ശരാശരി 28.90 ആണെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് വെറും 130.77 ! ഉയര്‍സ്സ സ്‌കോര്‍ 66 റണ്‍സാണ്. 221 പന്തുകള്‍ നേരിട്ടിട്ടാണ് 289 റണ്‍സ് നേടിയിരിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകം. ഈ സീസണില്‍ രണ്ട് അര്‍ധ സെഞ്ചുറി മാത്രമാണ് ഹാര്‍ദിക് നേടിയിരിക്കുന്നത്. അഞ്ച് തവണയാണ് ഒറ്റയക്കത്തിനു പുറത്തായിരിക്കുന്നത്.
ബൗളിങ്ങിലും സ്ഥിതി വ്യത്യസ്തമല്ല. 12 കളികളില്‍ നിന്ന് 132 പന്തുകള്‍ എറിഞ്ഞിട്ട് വിട്ടുകൊടുത്തത് 190 റണ്‍സ്. സ്വന്തമാക്കിയത് വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം. ഗുജറാത്ത് പ്ലേ ഓഫില്‍ എത്തിയത് ടീമിലെ മറ്റ് താരങ്ങളുടെ കരുത്ത് കൊണ്ടാണെന്നും നായകന്‍ എന്ന നിലയില്‍ ടീമിനായി ഒന്നും സംഭാവന ചെയ്യാന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ഹാര്‍ദിക്കിനെ മുന്നില്‍ കണ്ട് ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ലെന്നും ആരാധകര്‍ പറയുന്നു.