'ഇപ്പോ കല്യാണം കഴിഞ്ഞേയുള്ളൂ?'; ഗ്യാലറിയിലുള്ള മലയാളികളോട് വിശേഷങ്ങള്‍ ചോദിച്ച് സഞ്ജു സാംസണ്‍ (വീഡിയോ)

രേണുക വേണു| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (12:05 IST)

യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം പാദത്തില്‍ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍. ഇന്നലെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ ഏഴ് വിക്കറ്റിന്റെ തോല്‍വി വഴങ്ങി. ടീം മത്സരം തോറ്റപ്പോള്‍ നായകന്റെ ഇന്നിങ്‌സുമായി സഞ്ജു വീണ്ടും ഞെട്ടിച്ചു. 57 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 82 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിനിടെ ഗ്യാലറിയില്‍ ഉള്ള മലയാളി ദമ്പതികളോട് കുശലാന്വേഷണം നടത്തുന്ന സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ബൗണ്ടറി ലൈനിന് വെളിയില്‍ നില്‍ക്കുകയായിരുന്ന സഞ്ജു ഈയടുത്ത് വിവാഹം കഴിഞ്ഞ ദമ്പതികളോട് വിശേഷങ്ങള്‍ ചോദിച്ചറിയുന്നത് വീഡിയോയില്‍ കാണാം. ഇരുവരുടെയും വിവാഹം കഴിഞ്ഞത് എപ്പോള്‍ ആണെന്നും യുഎഇയില്‍ സെറ്റില്‍ഡ് ആണോ എന്നും സഞ്ജു ചോദിക്കുന്നുണ്ട്.


ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാമത് നില്‍ക്കുന്ന സഞ്ജുവിനെ ലീഡിങ് റണ്‍ സ്‌കോറര്‍മാര്‍ ധരിക്കുന്ന ഓറഞ്ച് ക്യാപ്പ് ധരിച്ചാണ് ഈ വീഡിയോയില്‍ കാണുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :