രേണുക വേണു|
Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (09:15 IST)
ഐപിഎല്‍ മഹാലേലത്തില്‍ സഞ്ജുവിനെ ലക്ഷ്യംവച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് മലയാളി താരമായ സഞ്ജു സാംസണ്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മഹാലേലം എല്ലാംകൊണ്ടും വീറും വാശിയും നിറഞ്ഞതായിരിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജുവിനെ പോലെ അനുഭവ സമ്പത്തുള്ള ഒരു താരത്തെ സ്വന്തമാക്കാനാണ് ആര്‍സിബി ഫ്രാഞ്ചൈസിയുടെ ലക്ഷ്യം.
വിരാട് കോലി നായകസ്ഥാനം ഒഴിയുന്നതും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ എ.ബി.ഡിവില്ലിയേഴ്‌സ് നിരാശപ്പെടുത്തുന്നതുമാണ് ആര്‍സിബിയുടെ പുതിയ നീക്കങ്ങള്‍ക്ക് കാരണം. മഹാലേലത്തില്‍ സഞ്ജുവിനെ ലഭിച്ചാല്‍ എ.ബി.ഡിവില്ലിയേഴ്‌സിനെ ആര്‍സിബി ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. കെ.എല്‍.രാഹുലിനായും ആര്‍സിബി വലവിരിച്ചിട്ടുണ്ട്. കെ.എല്‍.രാഹുലോ സഞ്ജുവോ ആര്‍സിബി ക്യാംപില്‍ എത്തുമെന്ന് ഇതോടെ ഉറപ്പായി. ഇവരില്‍ ആര് എത്തിയാലും കോലിക്ക് പകരം നായകസ്ഥാനം അവര്‍ക്ക് നല്‍കാനാണ് സാധ്യത.