അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (17:23 IST)
ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിലൊന്നായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ അനായാസമായി കീഴടക്കി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ്. വാംഖഡെയില്‍ ടോസ് നേടിയ സഞ്ജു മുംബൈയെ ആദ്യം ബാറ്റിംഗിനയക്കുകയായിരുന്നു. ന്യൂ ബോളില്‍ ബോള്‍ട്ടും ബര്‍ഗറും നാശം വിതച്ചതോടെ മുംബൈയെ 9 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സിലൊതുക്കാന്‍ രാജസ്ഥാന്‍ സാധിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ 27 പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ വിജയത്തിലെത്തിയത്.
മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടൂം യൂസ്വേന്ദ്ര ചാഹലും 39 പന്തില്‍ 54 റണ്‍സുമായി തിളങ്ങിയ റിയാന്‍ പരാഗുമാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചത്. എന്നാല്‍ ഈ മൂന്ന് പേരുമല്ല ഗെയിം ചെയ്ഞ്ചറായി മാറിയത് ടോസ് നേടാന്‍ സാധിച്ചതാണെന്ന് മത്സരശേഷം രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ്‍ പറയുന്നു. ടോസാണ് ഗെയിം ചെയ്ഞ്ചറെന്ന് ഞാന്‍ കരുതുന്നു. വിക്കറ്റ് ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. ബോള്‍ട്ടിന്റെയും ബര്‍ഗറിന്റെയും സ്‌പെല്ലില്‍ വിക്കറ്റുകള്‍ നേടാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 4-5 വിക്കറ്റുകള്‍ വീഴുമെന്ന് കരുതിയില്ല. ബൗളര്‍മാര്‍ നന്നായി ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. സഞ്ജു പറഞ്ഞു