സഞ്ജുവിന് ഇനി ടെന്‍ഷന്‍ ഫ്രീയായി ബാറ്റ് ചെയ്യാം; രാജസ്ഥാന്‍ ഇത്തവണ വേറെ ലെവല്‍ !

രേണുക വേണു| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (10:33 IST)

ഐപിഎല്‍ 15-ാം സീസണില്‍ എല്ലാവരും ഉറ്റുനോക്കുന്ന ടീമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. മെഗാ താരലേലത്തിനു ശേഷം ടീമില്‍ വന്‍ അഴിച്ചുപണികളാണ് നടന്നത്. ടീമിനുണ്ടായിരുന്ന പോരായ്മകള്‍ എല്ലാം മനസ്സിലാക്കി അടിമുടി ഉടച്ചുവാര്‍ക്കുകയാണ് ഫ്രാഞ്ചൈസി ഇത്തവണ ചെയ്തത്.

ടീമിന്റെ ഘടനയില്‍ വരുത്തിയ മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ബാറ്റിങ്ങും ബൗളിങ്ങും സന്തുലിതമായ പ്ലേയിങ് ഇലവനെയാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ആരാധകര്‍ കണ്ടത്. അതില്‍ തന്നെ നായകന്‍ സഞ്ജുവിന്റെ എല്ലാ സമ്മര്‍ദങ്ങളും ഒഴിവാക്കുന്ന തരത്തിലൊരു ബാറ്റിങ് ലൈനപ്പ് രൂപപ്പെടുത്താന്‍ രാജസ്ഥാന് കഴിഞ്ഞിരിക്കുന്നു.

തകര്‍പ്പനടികള്‍ക്ക് കെല്‍പ്പുള്ള ജോസ് ബട്‌ലറും യഷസ്വി ജയ്‌സ്വാളുമാണ് ഓപ്പണിങ്. വണ്‍ഡൗണ്‍ ആയി സഞ്ജുവിന് ഇറങ്ങാന്‍ സാധിക്കുന്നു. തനിക്ക് പിന്നില്‍ പരിചയസമ്പത്തും വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ടവരുമായ താരങ്ങള്‍ ഉള്ളതിനാല്‍ നായകന്റെ സമ്മര്‍ദങ്ങളില്ലാതെ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ സാധിക്കുന്നു. ദേവ്ദത്ത് പടിക്കല്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, റിയാന്‍ പരാഗ്, കോള്‍ട്ടര്‍-നൈല്‍ തുടങ്ങിയവര്‍ ട്വന്റി 20 ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്. മുന്‍ സീസണില്‍ തന്റെ വിക്കറ്റിന് ശേഷം ബാറ്റിങ് നിര ദുര്‍ബലമാകുന്ന സാഹചര്യമാണ് സഞ്ജു നേരിട്ടിരുന്നത്. അത് സഞ്ജുവിന്‍രെ പ്രകടനത്തേയും സാരമായി ബാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. സഞ്ജുവെന്ന ബാറ്ററെ നൂറ് ശതമാനം രാജസ്ഥാന് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ബൗളിങ് നിരയിലും രാജസ്ഥാന്‍ മികച്ചുനില്‍ക്കുന്നു. രവിചന്ദ്രന്‍ അശ്വിനേയും യുസ്വേന്ദ്ര ചഹലിനേയും പോലെ പരിചയസമ്പത്തും മികവുമുള്ള രണ്ട് സ്പിന്നര്‍മാര്‍. പേസ് നിരയില്‍ ട്രെന്റ് ബോള്‍ട്ടും പ്രസീത് കൃഷ്ണയും. എല്ലാ അര്‍ത്ഥത്തിലും രാജസ്ഥാന്‍ മികവ് പുലര്‍ത്തുമ്പോള്‍ എതിരാളികള്‍ ഭയപ്പെടേണ്ടിവരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :