അഭിറാം മനോഹർ|
Last Modified വെള്ളി, 19 ഏപ്രില്‍ 2024 (14:11 IST)
Akash Madhwal,Mumbai Indians
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 193 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബ് അവസാന ഓവര്‍ ബാറ്റ് ചെയ്യുന്നതിനിടെ ഗ്രൗണ്ടില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളായ രോഹിത് ശര്‍മയും ആകാശ് മധ്‌വാളും ഹാര്‍ദ്ദിക് പാണ്ഡ്യയും തമ്മിലുണ്ടായ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അവസാന ഓവറില്‍ 12 റണ്‍സായിരുന്നു പഞ്ചാബിന് വിജയിക്കാനായി വേണ്ടിയിരുന്നത്. കഗിസോ റബാഡ, ഹര്‍ഷല്‍ പട്ടേല്‍ എന്നിങ്ങനെ സാമാന്യം നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ബൗളര്‍മാര്‍ ക്രീസിലുണ്ടായിരുന്ന സാഹചര്യത്തില്‍ പഞ്ചാബിന് വിജയപ്രതീക്ഷയുണ്ടായിരുന്നു.
മുംബൈയ്ക്ക് മുന്നില്‍ രണ്ട് ബൗളിംഗ് ഓപ്ഷനുകളാണ് ഈ സമയത്തുണ്ടായിരുന്നത്. റോമരിയോ ഷെപ്പേര്‍ഡും യുവതാരമായ ആകാശ് മധ്‌വാളും. 3 ഓവറില്‍ 44 റണ്‍സ് അതിനകം തന്നെ നല്‍കിയിരുന്നെങ്കിലും അവസാന ഓവര്‍ എറിയാനുള്ള ചുമതല മധ്‌വാളിന് ലഭിക്കുകയായിരുന്നു. എന്നാല്‍ ബാറ്റ് ചെയ്യാനറിയുന്ന വാലറ്റക്കാര്‍ നില്‍ക്കുമ്പോള്‍ യുവതാരത്തിന് പന്തെറിയുക എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഫീല്‍ഡ് ഒരുക്കുന്നതില്‍ മുന്‍ മുംബൈ നായകനായ രോഹിത് ശര്‍മ നേരിട്ട് ഇടപെടുകയായിരുന്നു. നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ അവിടെയുണ്ടായിരുന്നുവെങ്കിലും രോഹിത് എന്താണ് പറയുന്നത് എന്ന് ശ്രദ്ധിക്കുകയാണ് ഹാര്‍ദ്ദിക് ചെയ്തത്.
തുടര്‍ന്ന് രോഹിത് പലതും മധ്‌വാളുമായി ചര്‍ച്ച ചെയ്യുകയും ഫീല്‍ഡ് ഒരുക്കുകയും ചെയ്യുമ്പോള്‍ ഹാര്‍ദ്ദിക് ഇടപെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും രോഹിത് പറയുന്നതില്‍ മാത്രമാണ് മധ്‌വാള്‍ ശ്രദ്ധ നല്‍കിയത്. ഓവറില്‍ കഗിസോ റബാഡ റണ്ണൗട്ടായതോടെയാണ് മത്സരത്തില്‍ മുംബൈ വിജയം സ്വന്തമാക്കിയത്.