അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ഏപ്രില്‍ 2024 (16:11 IST)
ടി20 ക്രിക്കറ്റില്‍ 500 സിക്‌സുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജ എറിഞ്ഞ 11മത് ഓവറിലാണ് രോഹിത് 500 സിക്‌സുകളെന്ന ചരിത്രനേട്ടം കുറിച്ചത്. ലോകക്രിക്കറ്റില്‍ 500 സിക്‌സുകള്‍ നേടുന്ന അഞ്ചാമത്തെ താരമാണ് രോഹിത്. ടി20യില്‍ 1056 സിക്‌സുകള്‍ നേടിയിട്ടുള്ള വെസ്റ്റിന്‍ഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമത്. തുടര്‍ന്നുള്ള സ്ഥാനങ്ങളിലും കരീബിയന്‍ ആധിപത്യമാണുള്ളത്.
ക്രിസ് ഗെയ്‌ലിന് പിന്നില്‍ 860 സിക്‌സുകളുമായി കിറോണ്‍ പൊള്ളാര്‍ഡാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 678 സിക്‌സുകളുമായി ആന്ദ്രെ റസ്സല്‍ മൂന്നാമതും 548 സിക്‌സുകളുമായി കോളിന്‍ മണ്‍റോ നാലാം സ്ഥാനത്തുമാണ്. ചെന്നൈക്കെതിരെ ചരിത്രനേട്ടവും സെഞ്ചുറിയും കുറിക്കാനായെങ്കിലും മുംബൈയെ വിജയത്തിലെത്തിക്കാന്‍ രോഹിത്തിനായില്ല. മത്സരത്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ശര്‍മ ഐപിഎല്‍ 24ലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണിപ്പോള്‍.