അഭിറാം മനോഹർ|
Last Modified ശനി, 11 മെയ് 2024 (16:52 IST)
ഐപിഎല്‍ മത്സരങ്ങള്‍ അവസാനിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തവണ ടി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഉപനായകനായി എത്തുന്നത്. സഞ്ജു സാംസണ്‍,ശിവം ദുബെ എന്നിവരടക്കം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളും ഇക്കുറി ടീമിനൊപ്പമുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയുമടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും കൂടി ചേരുമ്പോള്‍ ഇത്തവണ ലോകകപ്പ് ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇത്തവണ ലോകകപ്പ് മത്സരങ്ങളില്‍ രോഹിത് ശര്‍മയുടെ കീഴില്‍ ഹാര്‍ദ്ദിക് കളിക്കുമ്പോള്‍ അതെങ്ങനെയായിരിക്കും എന്നതാണ് ഒരുകൂട്ടം ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ നോക്കുന്നത്. മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദ്ദിക്കിന്റെ നായകത്വത്തിന് കീഴിലാണ് രോഹിത് കളിക്കുന്നത്. ഹാര്‍ദ്ദിക് നായകനായതില്‍ രോഹിത്തിന് അതൃപ്തിയുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഇരുതാരങ്ങള്‍ക്കിടയിലും പ്രശ്‌നങ്ങളുണ്ടെങ്കിലും ലോകകപ്പില്‍ ഹാര്‍ദിക് എത്രമാത്രം ഇന്ത്യയ്ക്ക് പ്രധാനമാണെന്ന് രോഹിത്തിനറിയാമെന്ന് മുന്‍ ഓസീസ് നായകനായ മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നു.
ഐപിഎല്ലിലെ പാണ്ഡ്യയുടെ പ്രകടനങ്ങള്‍ അധികം ശ്രദ്ധ നല്‍കേണ്ടതില്ലെന്ന് രോഹിത്തിനറിയാം. പാണ്ഡ്യ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനതാരങ്ങളില്‍ ഒരാളാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡ് പാണ്ഡ്യയ്ക്കുണ്ട്. രോഹിത്- ഹാര്‍ദ്ദിക് ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഹാര്‍ദ്ദിക് നല്ല രീതിയില്‍ കളിക്കുകയാണെങ്കില്‍ അത് ഇന്ത്യയ്ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന് വ്യക്തമായും രോഹിത്തിനറിയാം. ക്ലാര്‍ക്ക് പറയുന്നു.