Mumbai Indians: മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറിയോ? ഹാർദ്ദിക്കിനെതിരെ രോഹിത്തും ബുമ്രയും പരാതിപ്പെട്ടതായി റിപ്പോർട്ട്

Hardik Pandya - Mumbai Indians
Hardik Pandya - Mumbai Indians
അഭിറാം മനോഹർ| Last Modified വ്യാഴം, 9 മെയ് 2024 (19:32 IST)
ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായതിന് പുറമെ മുംബൈ ആരാധകരെ നിരാശരാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ടീം അംഗങ്ങളോടുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം സമീപനത്തിനെതിരെ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം താരങ്ങള്‍ മുംബൈ ടീം മാനേജ്‌മെന്റിനെ സമീപിച്ചതായി ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രോഹിത്തിന് പുറമെ ജസ്പ്രീത് ബുമ്ര,സൂര്യകുമാര്‍ യാദവ് എന്നിവരടങ്ങുന്ന സീനിയര്‍ താരങ്ങളാണ് ഹാര്‍ദ്ദിക്കിനെതിരെ പരാതിപ്പെട്ടത്.


ടീമിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണങ്ങളും എങ്ങനെയാകണം ടീമിനെ നയിക്കുന്നത് എന്നതിനെ പറ്റിയുള്ള നിര്‍ദേശങ്ങളും ഇവര്‍ ടീം മാനേജ്‌മെന്റിന് മുന്നില്‍ വെച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെ രോഹിത്, സൂര്യകുമാര്‍,തുടങ്ങിയ സീനിയര്‍ താരങ്ങളുമായി ടീം മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തിപരമായി കണ്ട് അഭിപ്രായങ്ങള്‍ തേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ തിലക് വര്‍മയെ പരോക്ഷമായി ഹാര്‍ദ്ദിക് വിമര്‍ശിച്ചിരുന്നു. മത്സരശേഷമുള്ള പ്രതികരണത്തിലാണ് തിലക് വര്‍മയുടെ പേര് പറയാതെ ഹാര്‍ദ്ദിക് കുറ്റപ്പെടുത്തിയത്. ഇത് ടീമംഗങ്ങള്‍ക്കുള്ളില്‍ അതൃപ്തിയുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :