ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

Rohit sharma,Mumbai indians
Rohit sharma,Mumbai indians
അഭിറാം മനോഹർ| Last Modified ചൊവ്വ, 7 മെയ് 2024 (19:20 IST)
ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് രോഹിത് ശര്‍മ. നായകനെന്ന നിലയിലും മികച്ച പ്രകടനങ്ങളാണ് രോഹിത് പുറത്തെടുക്കുന്നത്. ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനങ്ങളും റെക്കോര്‍ഡുകളും തുടരുമ്പോഴും ഐപിഎല്ലില്‍ ബാറ്ററെന്ന നിലയില്‍ കഴിഞ്ഞ കുറച്ച് സീസണുകളിലായി രോഹിത് പൂര്‍ണ്ണ പരാജയമാണ്. മുംബൈ നായകന്‍ എന്ന നിലയില്‍ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബാറ്ററെന്ന നിലയില്‍ രോഹിത്തിന് 30+ ബാറ്റിംഗ് ശരാശരി അവസാനമായി ഉണ്ടായ സീസണ്‍ 2016 ആണ്.

ഡേവിഡ് വാര്‍ണര്‍, കെ എല്‍ രാഹുല്‍,റിഷഭ് പന്ത് തുടങ്ങി പല താരങ്ങള്‍ക്കും 500+ റണ്‍സ് വന്നിട്ടുള്ള ഒന്നിലധികം സീസണുകള്‍ ഉണ്ടെങ്കിലും 2013ല്‍ മാത്രമാണ് രോഹിത് ഒരു സീസണില്‍ 500ലധികം റണ്‍സ് നേടിയിട്ടുള്ളത്. 2015ല്‍ 482 റണ്‍സും 2016ല്‍ 489 റണ്‍സും രോഹിത് നേടിയിരുന്നു. പിന്നീട് 2019ല്‍ 405 റണ്‍സ് നേടിയതൊഴിച്ചാല്‍ കഴിഞ്ഞ 5-6 വര്‍ഷങ്ങളിലായി ബാറ്ററെന്ന നിലയില്‍ രോഹിത് തോല്‍വിയാണ്.

2019ല്‍ 405 റണ്‍സ് രോഹിത് നേടിയെങ്കിലും 28.92 റണ്‍സായിരുന്നു താരത്തിന്റെ ശരാശരി. 2020ല്‍ 12 മത്സരങ്ങളില്‍ നിന്നും 27.66 റണ്‍സ് ശരാശരിയില്‍ 332 റണ്‍സും 2021ല്‍ 13 മത്സരങ്ങളില്‍ നിന്നും 29.30 ശരാശരിയില്‍ 381 റണ്‍സുമാണ് താരം നേടിയത്. കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 20.75 ശരാശരിയില്‍ 332 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. 2024 സീസണില്‍ ഒരു സെഞ്ചുറി നേടാനായെങ്കിലും 12 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 30 റണ്‍സ് ശരാശരിയില്‍ 330 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. ആകെ 255 ഐപിഎല്‍ മത്സരങ്ങള്‍ രോഹിത് കളിച്ചപ്പോള്‍ 29.60 റണ്‍സ് ശരാശരിയില്‍ 6,541 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. ഇതില്‍ 2 സെഞ്ചുറികളും 42 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :