രേണുക വേണു|
Last Modified തിങ്കള്‍, 5 മെയ് 2025 (08:39 IST)
Rishabh Pant: വീണ്ടും നിരാശപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 17 പന്തില്‍ 18 റണ്‍സെടുത്താണ് പന്ത് പുറത്തായത്. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് പന്തിന്റെ തണുപ്പന്‍ ഇന്നിങ്‌സ്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുക്കാനെ ലഖ്‌നൗവിനു സാധിച്ചുള്ളൂ.
നാലാമനായി ക്രീസിലെത്തിയ പന്ത് രണ്ട് ഫോറും ഒരു സിക്‌സും സഹിതമാണ് 18 റണ്‍സെടുത്തത്. അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ ശശാങ്ക് സിങ്ങിനു ക്യാച്ച് നല്‍കിയാണ് പന്തിന്റെ മടക്കം. ഔട്ടായ രീതിയാണെങ്കില്‍ 'കണ്ടംകളി' നിലവാരത്തിലും. ഷോട്ട് കളിക്കുന്നതിനിടെ പന്തിന്റെ ബാറ്റ് വായുവില്‍ തെറിച്ചുപോകുകയും ചെയ്തു.
റിഷഭ് പന്ത് പുറത്താകുന്ന സമയത്ത് വളരെ നിരാശനായാണ് ലഖ്‌നൗ ടീം ഉടമ സഞ്ജിവ് ഗോയങ്ക കാണപ്പെടുന്നത്. പന്ത് തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുന്നത് ലഖ്‌നൗ ആരാധകരെയും വിഷമത്തിലാക്കുന്നു. 27 കോടി ചെലവഴിച്ചാണ് മെഗാ താരലേലത്തില്‍ ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്.
ഈ സീസണില്‍ 11 കളികളില്‍ നിന്ന് 128 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. സ്‌ട്രൈക് റേറ്റ് 99.22 ആണ്. ശരാശരിയാകട്ടെ 12.80 ! പന്തിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം സീസണായിരിക്കും ഇത്.