അവസാന ഓവറിൽ അടിയോടടി, ഐപിഎല്ലിലെ എലൈറ്റ് ലിസ്റ്റിൽ റിങ്കു സിംഗും, ലിസ്റ്റിലെ മറ്റ് താരങ്ങൾ ഇവർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2023 (13:59 IST)
ഐപിഎല്ലിലെ ഒരോവറിൽ അഞ്ച് സിക്സ് നേട്ടത്തോടെ കൊൽക്കത്തയെ വിജയത്തിലെത്തിച്ചതോടെ ഐപിഎല്ലിലെ ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിലാക്കി കൊൽക്കത്ത താരം റിങ്കു സിംഗ്. ഐപിഎല്ലിൽ ഒരോവറിൽ 5 സിക്സുകൾ നേടുന്ന അഞ്ചാമത്തെ താരമാണ് റിങ്കു സിംഗ്. 2012ൽ പൂനെ വാരിയേഴ്സ് ബൗളറായിരുന്ന രാഹുൽ ശർമക്കെതിരെ ക്രിസ് ഗെയ്ൽ ആയിരുന്നു ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്.


2020ൽ പഞ്ചാബ് കിംഗ്സ് ബൗളർ ഷെൽഡൻ കോട്രലിനെതിരെ രാജസ്ഥാൻ താരമായിരുന്ന രാഹുൽ തെവാട്ടിയയും 2021ൽ ആർസിബി ബൗളറായ ഹർഷൽ പട്ടേലിനെതിരെ രവീന്ദ്ര ജഡേജയും 2022ൽ കൊൽക്കത്ത ബൗളറായ ശിവം മാവിക്കെതിരെ മാർക്കർ സ്റ്റോയ്നിസും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം അവസാന ഓവറിൽ ഒരു ചേസിംഗിനിടെ റിങ്കു സിംഗ് സ്വന്തമാക്കിയ നേട്ടം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവസംഭവമാണ്.

മത്സരത്തിലെ അവസാന 7 പന്തുകളിൽ നിന്ന് 40 റൺസാണ് റിങ്കു നേടിയത്. പത്തൊമ്പതാം ഓവറിൽ ജോഷ്വാ ലിറ്റിൽ എറിഞ്ഞ അവസാന രണ്ട് പന്തിൽ 4,6 എന്നിങ്ങനെ സ്കോർ ചെയ്ത റിങ്കു യാഷ് ദയാൽ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്ത് മുതൽ അവസാന പന്ത് വരെ എല്ലാ പന്തിലും സിക്സ് പറത്തുകയായിരുന്നു. ഗുജറാത്തിനെതിരെ 8 പന്തിൽ 39 റൺസ് വേണ്ടിയിരുന്ന സമയത്താണ് സംഹാരമൂർത്തിയായി റിങ്കു അവതരിച്ചത്. അതുവരെ 14 പന്തിൽ 8 റൺസായിരുന്നു റിങ്കു നേടിയിരുന്നത്. ചരിത്രത്തിൽ അവസാന ഓവറിൽ ഒരു ടീം അടിച്ചു ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ഇന്നലെ പിറന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :