Rinku Singh: ഒന്‍പതാം ക്ലാസില്‍ തോറ്റു, തൂപ്പുകാരനായി ജോലി ചെയ്തു; കൊല്‍ക്കത്തയുടെ മിന്നുംതാരം റിങ്കു സിങ്ങിന്റെ ദുരിതപൂര്‍ണമായ ജീവിതം ഇങ്ങനെ

ഓട്ടോ ഡ്രൈവറായും തൂപ്പുകാരനായും റിങ്കു ജോലി ചെയ്തിട്ടുണ്ട്

രേണുക വേണു| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2023 (10:54 IST)

Who is Rinku Singh: അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ പറത്തി ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലെത്തിച്ച റിങ്കു സിങ്ങിനെ കുറിച്ചാണ് ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്നത്. ജയിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തില്‍ നിന്നാണ് റിങ്കു സിങ് കൊല്‍ക്കത്തയെ കൈപിടിച്ചുയര്‍ത്തിയത്. ഈ ഇന്നിങ്‌സ് പോലെ തന്നെ നാടകീയത നിറഞ്ഞ ജീവിതമായിരുന്നു റിങ്കു സിങ്ങിന്റേത്.

കടുത്ത ദാരിദ്ര്യത്തിലൂടെയാണ് റിങ്കു സിങ് കടന്നുപോയത്. സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിലാണ് ഉത്തര്‍പ്രദേശുകാരനായ റിങ്കു സിങ്ങിന്റെ ജനനം. വീടുകള്‍ തോറും പാചകവാതക സിലിണ്ടര്‍ എത്തിച്ചാണ് റിങ്കുവിന്റെ അച്ഛന്‍ ഉപജീവനത്തിനു വഴി കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം റിങ്കുവിന്റെ പഠനകാലം അത്ര സുഖകരമായിരുന്നില്ല. ഒന്‍പതാം ക്ലാസില്‍ തോറ്റ റിങ്കു അവിടെവെച്ച് പഠനം നിര്‍ത്തി. അതിനുശേഷം അച്ഛനെ ജോലിയില്‍ സഹായിക്കാന്‍ ഒപ്പംകൂടി.

ഓട്ടോ ഡ്രൈവറായും തൂപ്പുകാരനായും റിങ്കു ജോലി ചെയ്തിട്ടുണ്ട്. ഒന്‍പത് പേരടങ്ങുന്ന കുടുംബമായിരുന്നു റിങ്കുവിന്റേത്. റിങ്കുവിന്റെ സഹോദരന്‍ ഓട്ടോ ഡ്രൈവറായിരുന്നു. സഹോദരനെ സഹായിക്കാന്‍ വേണ്ടി തൂപ്പ് ജോലി ഇല്ലാത്ത സമയത്ത് റിങ്കു ഓട്ടോറിക്ഷ ഓടിക്കാന്‍ പോയിരുന്നു. ഇതിനെല്ലാം ഇടയിലും റിങ്കു ക്രിക്കറ്റ് കളിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.

ജീവിത പ്രതിസന്ധി മൂലം ക്രിക്കറ്റില്‍ മികച്ച പരിശീലനം നടത്താന്‍ റിങ്കുവിന് അവസരം ലഭിച്ചിട്ടില്ല. മികച്ചൊരു ക്രിക്കറ്റ് കിറ്റ് പോലും താരത്തിനു ഉണ്ടായിരുന്നില്ല. ക്രിക്കറ്റിലെ മികവ് പരിഗണിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിങ്കുവിനെ സ്വന്തമാക്കുകയായിരുന്നു. അതിനുശേഷം താരത്തിന്റെ ജീവിതം മാറി. 2018 ല്‍ 80 ലക്ഷത്തിനാണ് കൊല്‍ക്കത്ത റിങ്കുവിനെ സ്വന്തമാക്കിയത്. 2023 ലേക്ക് എത്തിയപ്പോള്‍ 55 ലക്ഷത്തിനാണ് കൊല്‍ക്കത്ത റിങ്കുവിനെ നിലനിര്‍ത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :