WPL 2024: ആർസിബിയുടെ ലേഡി എ ബി ഡി, ഒറ്റയാൾ പ്രകടനത്താൽ ടീമിനെ ഫൈനലിലെത്തിച്ച് എല്ലിസ് പെറി

Ellys perry,RCB
അഭിറാം മനോഹർ| Last Modified ശനി, 16 മാര്‍ച്ച് 2024 (10:43 IST)
Ellys perry,RCB
ഐപിഎല്‍ പിന്തുടരുന്നവര്‍ ഏറ്റവും കേട്ടിട്ടുള്ള ഒന്ന് ഒരു പക്ഷെ ഈ സാല കപ്പ് നമദെ എന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റ മുദ്രാവാക്യമായിരിക്കും. കപ്പിനും ചുണ്ടിനുമിടയില്‍ പലപ്പോഴും അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെങ്കിലും ഓരോ ആര്‍സിബി ആരാധകനും ടീമെന്നാല്‍ ഒരു വികാരമാണ്. വനിതാ പ്രീമിയര്‍ ലീഗിലും നിറയുന്ന ഗാലറികളാണ് അതിന് സാക്ഷ്യം. അതിനാല്‍ തന്നെ വനിതാ പ്രീമിയര്‍ ലീഗില്‍ ടീമിനെ ഫൈനലിലെത്തിച്ച എല്ലിസ് പെറി ആര്‍സിബി ആരാധകര്‍ക്ക് ഇപ്പോള്‍ ടീം ക്യാപ്റ്റനായ സ്മൃതി മന്ദാനയേക്കാള്‍ പ്രിയങ്കരിയാണ്.

ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 6 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. 49 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ആര്‍സിബിയെ 50 പന്തില്‍ നിന്നും 66 റണ്‍സ് നേടിയ എല്ലിസ് പെറിയുടെ പ്രകടനമാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മുംബൈയ്ക്ക് വേണ്ടി ഹെയ്‌ലി മാത്യൂസ്,നതാലി സ്‌കിവര്‍,സൈക ഇഷാഖ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തന്നെയായിരുന്നു മത്സരത്തില്‍ ആധിപത്യം. മികച്ച തുടക്കം ലഭിച്ചെങ്കിലും 15 ഓവറിന് ശേഷം തുടരെ മുംബൈ വിക്കറ്റുകള്‍ വീണത് മത്സരത്തില്‍ വഴിത്തിരിവായി. 33 റണ്‍സെടുത്ത നായകന്‍ ഹര്‍മന്‍ പ്രീത് കൗര്‍ പുറത്തായത് മത്സരത്തില്‍ നിര്‍ണായകമായതോടെ 5 റണ്‍സിന്റെ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. അവസാന 18 പന്തില്‍ മുംബൈയ്ക്ക് വിജയിക്കാന്‍ 20 റണ്‍സ് മാത്രം മതിയെന്ന നിലയില്‍ നിന്നായിരുന്നു മത്സരം ആര്‍സിബി തങ്ങളുടെ കയ്യിലാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :