'തോല്‍വിക്ക് കാരണം ദേവ്ദത്ത് പടിക്കല്‍, ഇങ്ങനെ കളിച്ചാല്‍ ശരിയാകില്ല'; ആര്‍സിബി യുവ ബാറ്റര്‍ക്ക് വിമര്‍ശനം

രേണുക വേണു| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (08:07 IST)

ഓപ്പണറായി ഇറങ്ങുന്ന യുവ ബാറ്റര്‍ ദേവ്ദത്ത് പടിക്കലിന്റെ മനോഭാവം മാറ്റണമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിന്റെ ഇഴഞ്ഞുനീങ്ങിയ ഇന്നിങ്‌സ് ആണ് തോല്‍വിക്ക് കാരണമെന്ന് വിമര്‍ശനം ശക്തം. 52 പന്തില്‍ 78.85 സ്‌ട്രൈക് റേറ്റ് മാത്രം നിലനിര്‍ത്തി 41 റണ്‍സ് നേടാനേ ദേവ്ദത്ത് പടിക്കലിന് സാധിച്ചുള്ളൂ. ദേവ്ദത്തിന്റെ മെല്ലെപ്പോക്ക് മത്സരഫലത്തില്‍ നിര്‍ണായകമായെന്നാണ് വിലയിരുത്തല്‍.

25 പന്തില്‍ നിന്ന് 40 റണ്‍സുമായി തകര്‍ത്തടിക്കുകയായിരുന്ന ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ വിക്കറ്റ് നഷ്ടമാകാനും ദേവ്ദത്ത് പടിക്കല്‍ കാരണമായി. ദേവ്ദത്ത് പടിക്കലുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് മാക്‌സ്വെല്‍ റണ്‍ഔട്ട് ആകുകയായിരുന്നു. മാക്‌സ്വെല്‍ നില്‍ക്കുകയായിരുന്നെങ്കില്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ ഉറപ്പായും ജയിച്ചേനെ എന്നാണ് ആരാധകര്‍ പറയുന്നത്.

മധ്യ ഓവറുകളില്‍ ദേവ്ദത്ത് പടിക്കലിന് വേണ്ടത്ര റണ്‍റേറ്റ് ഉയര്‍ത്താന്‍ സാധിക്കുന്നില്ല. ദേവ്ദത്ത് പടിക്കലിന്റെ മെല്ലെപ്പോക്ക് നേരത്തെയും വിമര്‍ശിക്കപ്പെട്ടിരുന്നു. പവര്‍പ്ലേയില്‍ പോലും ആര്‍സിബിക്ക് വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുന്നില്ലെന്നാണ് വിമര്‍ശനം. ആദ്യ ഓവറുകളിലെ റണ്‍റേറ്റ് കുറവ് പിന്നീട് വരുന്ന ബാറ്റര്‍മാര്‍ക്ക് തലവേദനയാകുന്നു. അവര്‍ കൂറ്റനടികള്‍ക്ക് ശ്രമിക്കുകയും വിക്കറ്റ് നഷ്ടപ്പെടുത്തുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. പ്ലേ ഓഫിലേക്ക് എത്തുമ്പോള്‍ ഈ മെല്ലെപ്പോക്ക് ദോഷം ചെയ്യുമെന്ന് ആര്‍സിബി മാനേജ്‌മെന്റും വിലയിരുത്തുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :