തോൽവിയിലും റാഷിദ് ഖാന് തലയുയർത്തി നിൽക്കാം, സീസണിലെ ആദ്യ ഹാട്രിക് താരത്തിന് സ്വന്തം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2023 (14:43 IST)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അവസാന നിമിഷം തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും പതിനാറാം സീസണിലെ ആദ്യ ഹാട്രിക് നേട്ടമെന്ന റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ സൂപ്പർ സ്പിന്നർ റാഷിദ് ഖാൻ. കൊൽക്കത്തയ്ക്കെതിരായ മത്സരം ഗുജറാത്തിൻ്റെ കൈകളിലെത്തിച്ച ഓവറായിരുന്നു റാഷിദ് എറിഞ്ഞ 17ആം ഓവർ. ആദ്യ പന്തിൽ വമ്പനടിക്കാരൻ ആൻഡ്രേ റസ്സലിനെ പുറത്താക്കിയാണ് റാഷിദ് തുടങ്ങിയത്.


പിന്നാലെ അപകടകാരിയായ സുനിൽ നരെയ്നെയും താരം വിക്കറ്റിന് മുന്നിൽ കുടുക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോയായിരുന്നു ശാർദൂൽ താക്കൂറായിരുന്നു മൂന്നാം പന്തിൽ റാഷിദിൻ്റെ ഇരയായത്. കെകെ ആറിനെതിരായ മത്സരത്തിൽ നായകൻ ഹാർദ്ദിക് പാണ്ഡ്യയുടെ അഭാവത്തിൽ റാഷിദായിരുന്നു ടീമിനെ നയിച്ചത്. ഐപിഎല്ലിൽ നായകനെന്ന നിലയിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും ഇതോടെ താരം സ്വന്തമാക്കി.

2009ൽ ആർസിബിക്കെതിരെയും ഡെക്കാൻ ചാർജേഴ്സിനെതിരെയും യുവരാജ് സിംഗും 2014ൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഷെയ്ൻ വാട്ട്സണുമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. കെകെആറിനെതിരെ ഹാട്രിക് നേടുന്ന നാലാമത്തെ താരമാണ് റാഷിദ്. 2008ൽ മഖായ എൻടിനി, 2015ൽ പ്രവീൺ താംബെ, 2022ൽ യൂസ്വേന്ദ്ര ചഹാൽ എന്നിവരാണ് ഇതിന് മുൻപ് കെകെആറിനെതിരെ ഹാട്രിക് നേടിയിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :