അടുത്ത കളി ജയിച്ചില്ലെങ്കില്‍ സഞ്ജുവിന്റെ ടീമിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി; അങ്ങനെ സംഭവിക്കുമോ?

രേണുക വേണു| Last Modified വ്യാഴം, 19 മെയ് 2022 (13:04 IST)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ജയിച്ചതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ലഖ്‌നൗ ഇപ്പോള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയായി. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന് ഒരു കളി കൂടി ബാക്കിയുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് രാജസ്ഥാന് അവസാന മത്സരത്തില്‍ എതിരാളികള്‍.

ലഖ്‌നൗവിന് 14 കളികളില്‍ നിന്ന് ഒന്‍പത് ജയവുമായി 18 പോയിന്റുണ്ട്. രാജസ്ഥാന് 13 കളികളില്‍ എട്ട് ജയവുമായി 16 പോയിന്റാണ് ഉള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ജയിച്ചാല്‍ രാജസ്ഥാനും 18 പോയിന്റാകും. അപ്പോള്‍ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തും ലഖ്‌നൗ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങുകയും ചെയ്യും. കാരണം, നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനാണ് മേല്‍ക്കൈയുള്ളത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയാല്‍ രാജസ്ഥാന് പ്ലേ ഓഫ് ക്വാളിഫയര്‍ കളിക്കാന്‍ സാധിക്കും. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരിക്കും ക്വാളിഫയര്‍.

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തോറ്റാല്‍ രാജസ്ഥാന്‍ മൂന്നാമതോ നാലാമതോ ആയി പ്ലേ ഓഫില്‍ കയറും. അങ്ങനെ വന്നാല്‍ പ്ലേ ഓഫ് എലിമിനേറ്റര്‍ കളിക്കേണ്ടിവരും. എലിമിനേറ്ററില്‍ തോറ്റാല്‍ പുറത്താകുകയും ചെയ്യും. മറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ജയിച്ച് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താല്‍ ക്വാളിഫയര്‍ കളിക്കാനും ക്വാളിഫയറില്‍ തോറ്റാല്‍ തന്നെ രണ്ടാം ക്വാളിഫയര്‍ കളിക്കാനും അവസരം ലഭിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ എങ്ങനെയെങ്കിലും ജയിക്കുകയാണ് സഞ്ജുവും സംഘവും ഇപ്പോള്‍ ലക്ഷ്യമിടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :