രേണുക വേണു|
Last Modified വെള്ളി, 8 ഏപ്രില്‍ 2022 (16:06 IST)
ഐപിഎല്‍ 15-ാം സീസണില്‍ തുടര്‍ച്ചയായി മൂന്ന് കളികള്‍ തോറ്റതില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ കടുത്ത നിരാശയില്‍. ടീം അംഗങ്ങള്‍ മുഴുവനായും തിരിച്ചുവരവിന് ശ്രമിക്കണമെന്ന് രോഹിത് പറഞ്ഞു. വ്യക്തിപരമായി ആരേയും കുറ്റപ്പെടുത്താനില്ല. എല്ലാവരുടേയും ഭാഗത്ത് വീഴ്ചകളുണ്ട്. കൂടുതല്‍ പോരാട്ടവീര്യത്തോടെ വേണം ഇനിയുള്ള കളികള്‍ക്കായി ഇറങ്ങാനെന്നും ടീം അംഗങ്ങളോട് രോഹിത് ശര്‍മ പറഞ്ഞു.
ഫീല്‍ഡില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കൂടുതല്‍ വിജയതൃഷ്ണ കാണിക്കണം. എങ്കില്‍ മാത്രമേ എതിരാളികള്‍ക്ക് മുകളില്‍ പോകാന്‍ സാധിക്കൂ. കളിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കണമെന്നും രോഹിത് പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം തോറ്റതിനു പിന്നാലെ ഡ്രസിങ് റൂമില്‍വെച്ച് സഹതാരങ്ങളോട് രോഹിത് പൊട്ടിത്തെറിച്ചു. ഈ സീസണില്‍ മൂന്ന് കളികള്‍ മുംബൈ തുടര്‍ച്ചയായി തോറ്റു കഴിഞ്ഞു. ടീം എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണെന്നും ഇതിലൊരു മാറ്റമുണ്ടായില്ലെങ്കില്‍ ഈ സീസണ്‍ നാണക്കേടിന്റെ സീസണ്‍ ആകുമെന്നും രോഹിത് ശര്‍മ ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആരും നൂറ് ശതമാനം പ്രകടനം ടീമിനായി നടത്തുന്നില്ലെന്ന വിമര്‍ശനമാണ് രോഹിത് ഉന്നയിച്ചത്. എങ്ങനെയെങ്കിലും വിജയവഴിയിലേക്ക് എത്തണമെന്നും അതിനായി എല്ലാവരും പരിശ്രമിക്കണമെന്നും രോഹിത് പറഞ്ഞു.