MS Dhoni: അടുത്ത സീസണില്‍ കളിക്കില്ല, വിരമിക്കല്‍ തീരുമാനിച്ച് ധോണി; പ്രഖ്യാപനം ഉടന്‍

അടുത്ത സീസണ്‍ കളിക്കാന്‍ ധോണി താല്‍പര്യപ്പെടുന്നില്ല

MS Dhoni
MS Dhoni
രേണുക വേണു| Last Modified തിങ്കള്‍, 20 മെയ് 2024 (20:39 IST)

MS Dhoni: ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മഹേന്ദ്രസിങ് ധോണി. അടുത്ത സീസണില്‍ ധോണി കളിക്കില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരശേഷം ഭാവിയെ കുറിച്ച് ധോണി കൃത്യമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല. ഇതേ തുടര്‍ന്ന് ആരാധകര്‍ ആശങ്കയിലായിരുന്നു. വിരമിക്കലിന്റെ സൂചനയാണോ ധോണിയുടെ മൗനമെന്ന് ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു. ആരാധകരുടെ ആശങ്ക ശരിവയ്ക്കുന്ന വിധമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി അടുത്ത വൃത്തങ്ങള്‍ ധോണിയുടെ ഭാവിയില്‍ വ്യക്തത നല്‍കുന്നത്.

അടുത്ത സീസണ്‍ കളിക്കാന്‍ ധോണി താല്‍പര്യപ്പെടുന്നില്ല. മെഗാ താരലേലം കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് താരത്തിന്റെ തീരുമാനം. ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇനി ഐപിഎല്ലില്‍ തുടരാനില്ലെന്ന തീരുമാനത്തിലേക്ക് ധോണി എത്തിയതെന്നാണ് സി.എസ്.കെ ക്യാംപുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈയുടെ അവസാന ലീഗ് മത്സരം നടന്നത്. ഞായറാഴ്ച രാവിലെ തന്നെ ധോണി റാഞ്ചിയിലേക്ക് തിരിച്ചു. ഇതിനിടയില്‍ ചെന്നൈ മാനേജ്‌മെന്റുമായി കാര്യമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. എങ്കിലും വിരമിക്കല്‍ സൂചന താരം മാനേജ്‌മെന്റിനു നല്‍കിയിട്ടുണ്ട്. കളിച്ചില്ലെങ്കില്‍ തന്നെ ടീം മെന്റര്‍ എന്ന നിലയില്‍ ധോണിയെ നിലനിര്‍ത്താനാണ് ചെന്നൈയുടെ തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :