കൈ തന്നെ മുറിച്ചുകളയണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പരിക്കിൽ നിന്നുള്ള തിരിച്ചുവരവിനെ പറ്റി മൊഹ്സിൻ ഖാൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 17 മെയ് 2023 (14:05 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിച്ച് അത്ഭുതകരമായ വിജയമാണ് ഇന്നലെ ലഖ്‌നൗ നേടിയത്. അവസാന ഓവറില്‍ ടിം ഡേവിഡിനെയും കാമറൂണ്‍ ഗ്രീനിനെയും വരിഞ്ഞുകെട്ടിയ പേസര്‍ മൊഹ്‌സിന്‍ ഖാനായിരുന്നു ലഖ്‌നൗ വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ച താരം. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ മൊഹ്‌സിന്‍ പരിക്ക് മൂലം ഈ സീസണിലെ മത്സരങ്ങള്‍ കളിച്ചിരുന്നില്ല.

പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ താരം ആദ്യം മോശം പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും പിന്നീട് കിട്ടിയ അവസരത്തില്‍ തന്റെ കഴിവ് വീണ്ടും തെളിയിച്ചു. മത്സരശേഷം ഏറെ വികാരാധീനനായാണ് മൊഹ്‌സിന്‍ പ്രതികരിച്ചത്. പിതാവ് ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 10 ദിവസമായി കിടക്കുകയാണെന്നും ഈ പ്രകടനം പിതാവിനായി സമര്‍പ്പിക്കുന്നുവെന്നും മൊഹ്‌സിന്‍ ഖാന്‍ പറഞ്ഞു.

അവസാന ഓവറില്‍ സ്ലോ ബോളുകളെറിയാനായിരുന്നു പ്ലാന്‍ ചെയ്തത്. ആദ്യ 2 ബോള്‍ സ്ലോ എറിഞ്ഞ ശേഷം പിന്നീടാണ് യോര്‍ക്കര്‍ എറിയാന്‍ തീരുമാനിച്ചത്. മൊഹ്‌സിന്‍ ഖാന്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചുമലിനേറ്റ ഗുരുതരമായി പരിക്കില്‍ ചികിത്സയിലായിരുന്നു താരം. കഴിഞ്ഞ ഐപിഎല്‍ പതിപ്പില്‍ 5.97 എന്ന മികച്ച എക്കോണമി നിരക്കില്‍ 14 വിക്കറ്റ് വീഴ്ത്തിയ താരം ഈ സീസണില്‍ ഇത് രണ്ടാം മത്സരത്തിലാണ് പന്തെറിയുന്നത്. കടന്ന് പോയത് വളരെ പ്രയാസമേറിയ സമയമായിരുന്നു. ഒരു ഘട്ടത്തില്‍ ക്രിക്കറ്റ് തന്നെ ഉപേക്ഷിച്ചാലോ എന്ന് ഞാന്‍ കരുതിയതാണ്.

എനിക്ക് എന്റെ കയ്യ് തന്നെ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഒരു മാസം കൂടി വൈകിയിരുന്നെങ്കില്‍ കൈ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് ഡോക്ടര്‍ എന്നോട് പറഞ്ഞത്. എന്റെ പരിക്കിനെ പറ്റി പറയുകയാണെങ്കില്‍ ഒരു ക്രിക്കറ്റ് താരത്തിനും അങ്ങനെയൊരു അവസ്ഥ വരരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ധമനികളിലൂടെയുള്ള രക്തയോട്ടം തടസപ്പെട്ടിരുന്നു. ശസ്ത്രക്രിയ ഒരു മാസം കൂടി വൈകിയിരുന്നെങ്കില്‍ കൈ തന്നെ മുറിച്ചുകളയേണ്ടി വരുമെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. മത്സരശേഷം മൊഹ്‌സിന്‍ ഖാന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :