Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പുഷ്പം പോലെ ചേസ് ചെയ്യുകയായിരുന്നു പഞ്ചാബ്

Bairstow - Punjab Kings
രേണുക വേണു| Last Modified ശനി, 27 ഏപ്രില്‍ 2024 (09:06 IST)
Bairstow - Punjab Kings

Kolkata Knight Riders vs Punjab Kings: ഐപിഎല്ലില്‍ റെക്കോര്‍ഡ് ജയവുമായി പഞ്ചാബ് കിങ്‌സ്. രണ്ട് ഇന്നിങ്‌സിലുമായി 523 റണ്‍സ് പിറന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. എട്ട് പന്തുകള്‍ ശേഷിക്കെയാണ് പഞ്ചാബിന്റെ ജയം.

ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പുഷ്പം പോലെ ചേസ് ചെയ്യുകയായിരുന്നു പഞ്ചാബ്. പ്രഭ്‌സിമ്രാന്‍ സിങ്ങും ജോനി ബെയര്‍‌സ്റ്റോയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. ആറ് ഓവറില്‍ 93 റണ്‍സ് ആയപ്പോഴാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പ്രഭ്‌സിമ്രാന്‍ വെറും 20 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 54 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന റിലീ റോസു 16 പന്തില്‍ 26 റണ്‍സ് നേടി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം ശശാങ്ക് സിങ് ചേര്‍ന്നതോടെ കൂട്ടപ്പൊരിച്ചില്‍ തുടങ്ങി.

വെറും 48 പന്തില്‍ എട്ട് ഫോറും ഒന്‍പത് സിക്‌സും സഹിതം പുറത്താകാതെ 108 റണ്‍സ് നേടിയ ജോനി ബെയര്‍‌സ്റ്റോയാണ് കളിയിലെ താരം. ശശാങ്ക് 28 പന്തില്‍ 68 റണ്‍സ് നേടി. എട്ട് സിക്‌സും രണ്ട് ഫോറും അടങ്ങിയതാണ് ശശാങ്കിന്റെ ഇന്നിങ്‌സ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :