രേണുക വേണു|
Last Modified ചൊവ്വ, 29 ഏപ്രില്‍ 2025 (11:07 IST)
Vaibhav Suryavanshi vs Ishant Sharma: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കുന്ന ഇന്ത്യയുടെ മുന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ പ്രായം 36, രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശിക്ക് അതിന്റെ പകുതി പ്രായമായിട്ടില്ല. രാജ്യാന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി ഇഷാന്ത് നേടിയിരിക്കുന്നത് 434 വിക്കറ്റുകള്‍, ഐപിഎല്ലില്‍ 8.35 ഇക്കോണമിയില്‍ 95 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഈ പരിചയസമ്പത്തിനെ ഒരു പൂവ് പറിച്ചെടുക്കുന്ന ലാഘവത്തോടെ നിഷ്പ്രഭമാക്കി കളഞ്ഞു 14 കാരന്‍ വൈഭവ് !
ഇഷാന്തിന്റെ ഓരോവറില്‍ വൈഭവ് അടിച്ചുകൂട്ടിയത് 26 റണ്‍സ് ! രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറിലാണ് ഇഷാന്തിനെ വൈഭവ് 'എയറിലാക്കിയത്'. ആദ്യ ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത ഇഷാന്ത് തന്റെ രണ്ടാം ഓവര്‍ എറിയാനെത്തുമ്പോള്‍ ഇങ്ങനെയൊരു 'മിന്നലാക്രമണം' പ്രതീക്ഷിച്ചു കാണില്ല.
ഇഷാന്തിന്റെ ഈ ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതമാണ് വൈഭവ് 26 റണ്‍സ് അടിച്ചുകൂട്ടിയത്. കൂടാതെ രണ്ട് വൈഡ് കൂടി എറിഞ്ഞ് ഈ ഓവറില്‍ ഇഷാന്ത് വിട്ടുകൊടുത്തത് 28 റണ്‍സ് ! ഇഷാന്തിന്റെ ഓവറിനു മുന്‍പ് വൈഭവിന്റെ വ്യക്തിഗത സ്‌കോര്‍ ഏഴ് പന്തില്‍ ഒന്‍പത് റണ്‍സായിരുന്നു. ഇഷാന്തിന്റെ ഓവര്‍ കഴിഞ്ഞതോടെ അത് 13 പന്തില്‍ 35 ആയി ! സീനിയര്‍ താരമെന്ന പരിഗണന നല്‍കാതെയാണ് വൈഭവ് ഇഷാന്തിനെ ആക്രമിച്ചു കളിച്ചത്. മാത്രമല്ല ഇതിനു ശേഷം ഇഷാന്തിനെ കൊണ്ട് ഗുജറാത്ത് പന്തെറിയിപ്പിച്ചില്ല.
ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 25 പന്തുകള്‍ ശേഷിക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. സെഞ്ചുറി നേടിയ സൂര്യവന്‍ശി തന്നെയാണ് കളിയിലെ താരം. നേരിട്ടത് 38 പന്തുകള്‍, ഏഴ് ഫോറും 11 സിക്സുകളും സഹിതം അടിച്ചുകൂട്ടിയത് 101 റണ്‍സ്..! ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് ഇന്നലെ ജയ്പൂരില്‍ സൂര്യവന്‍ശിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. 2010 ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി യൂസഫ് പത്താന്‍ 37 ബോളില്‍ നേടിയ സെഞ്ചുറിയാണ് വൈഭവ് ഏഴ് പന്തുകള്‍ക്ക് മുന്‍പ് മറികടന്നത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ സെഞ്ചുറിയും വൈഭവ് സ്വന്തം പേരിലാക്കി.