Vaibhav Suryavanshi Century: വഴി തുറന്നത് സഞ്ജുവിന്റെ പരുക്ക്; ഇന്ത്യന്‍ 'ഗെയ്ല്‍', ആരെറിഞ്ഞാലും 'അടി'

ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാനു വേണ്ടി സെഞ്ചുറി നേടിയ വൈഭവ് ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി

Vaibhav Suryavanshi and Sanju Samson, Vaibhav Suryavanshi, Vaibhav Suryavanshi Century, Vaibhav Suryavanshi Rajasthan, Vaibhav Suryavanshi Fastest Century, Vaibhav Suryavanshi age, വൈഭവ് സൂര്യവന്‍ശി, വൈഭവ് സൂര്യവന്‍ശി സെഞ്ചുറി, വൈഭവ് സൂര്യവന്‍ശി രാജസ
Vaibhav Suryavanshi
രേണുക വേണു| Last Modified ചൊവ്വ, 29 ഏപ്രില്‍ 2025 (09:12 IST)

Century: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ പരുക്കിനെ തുടര്‍ന്ന് ബെഞ്ചിലിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വൈഭവ് സൂര്യവന്‍ശിക്ക് മുന്നില്‍ അവസരങ്ങളുടെ വാതില്‍ തുറക്കപ്പെട്ടത്. ഏപ്രില്‍ 19 നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാനു വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ വൈഭവിനു പ്രായം 14 വര്‍ഷവും 23 ദിവസവുമായിരുന്നു.

ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാനു വേണ്ടി സെഞ്ചുറി നേടിയ വൈഭവ് ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 14 വര്‍ഷവും 32 ദിവസവും പ്രായമുള്ളപ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിക്ക് ഉടമ. വൈഭവ് 35 പന്തുകളില്‍ നിന്നാണ് സെഞ്ചുറി നേടിയത്. 30 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടിയ കരീബിയന്‍ താരം സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ ആണ് സൂര്യവന്‍ശിക്ക് മുന്നിലുള്ളത്. 2013 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയാണ് ഗെയ്ല്‍ 30 ബോളില്‍ സെഞ്ചുറി തികച്ചത്. ഗെയ്‌ലിനെ പോലെ 'ആര് എറിഞ്ഞാലും അടി' എന്നൊരു ശരീരഭാഷയായിരുന്നു ഗുജറാത്തിനെതിരായ മത്സരത്തില്‍ വൈഭവ് സൂര്യവന്‍ശിക്ക്.

എല്ലാ ഗുജറാത്ത് ബൗളര്‍മാരും വേണ്ടുവോളം അടി വാങ്ങിയപ്പോള്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ മാത്രമായിരുന്നു ഇന്നലെ അതിനൊരു അപവാദം. മികച്ച ഇക്കോണമിയില്‍ പന്തെറിയുകയായിരുന്നു അതേ റാഷിദ് ഖാനെ സിക്‌സര്‍ പറത്തിയാണ് വൈഭവ് സെഞ്ചുറിയടിച്ചത് !

ഒന്‍പത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 28 പന്തില്‍ 64 റണ്‍സായിരുന്നു വൈഭവിന്റെ വ്യക്തിഗത സ്‌കോര്‍. ഗുജറാത്തിനായി പത്താം ഓവര്‍ എറിയാനെത്തിയത് കരീം ജനത് ആയിരുന്നു. ഈ ഓവറില്‍ വൈഭവ് അടിച്ചുകൂട്ടിയത് മൂന്ന് സിക്‌സും മൂന്ന് ഫോറും സഹിതം 30 റണ്‍സ് ! തൊട്ടടുത്ത ഓവറില്‍ റാഷിദ് ഖാന്റെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയ സെഞ്ചുറി ആഘോഷം.

ഈ സീസണില്‍ രാജസ്ഥാനു വേണ്ടി മൂന്ന് കളികളാണ് വൈഭവ് കളിച്ചത്. 50.33 ശരാശരിയില്‍ 151 റണ്‍സ് താരം നേടി. 215.71 ആണ് സ്‌ട്രൈക് റേറ്റ്. എറിയുന്ന ബൗളറെയോ കളിക്കുന്ന പിച്ചോ നോക്കിയല്ല വൈഭവിന്റെ ആക്രമണം. ആര് എറിഞ്ഞാലും അടിച്ചു പറത്താനുള്ള ലൈസന്‍സുമായാണ് രാജസ്ഥാന്‍ മാനേജ്‌മെന്റ് ഈ പതിനാലുകാരനെ ഇറക്കി വിട്ടിരിക്കുന്നത്. മാനേജ്‌മെന്റ് തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ വൈഭവിനു സാധിച്ചു. തുടര്‍ന്നുള്ള മത്സരങ്ങളില്‍ വൈഭവ് രാജസ്ഥാന്റെ പ്ലേയിങ് ഇലവനില്‍ തുടരുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :