മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫില്‍ കയറാന്‍ ഒരേ ഒരു സാധ്യത; ടോസ് ഇടുമ്പോള്‍ തന്നെ ഏറെക്കുറെ വ്യക്തമാകും

രേണുക വേണു| Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2021 (16:10 IST)

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. നെറ്റ് റണ്‍റേറ്റില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ 0.588 ന്റെ വ്യത്യാസമുണ്ട്. നെറ്റ് റണ്‍റേറ്റ് കൂടുതല്‍ കൊല്‍ക്കത്തയ്ക്കാണ്. കൊല്‍ക്കത്തയെ മറികടന്ന് പ്ലേ ഓഫിലേക്ക് എത്തണമെങ്കില്‍ ഒരേഒരു വഴി മാത്രമാണ് മുംബൈ ഇന്ത്യന്‍സിനു മുന്നിലുള്ളത്.

സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യണം. ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ 250 ല്‍ കൂടുതല്‍ ടീം ടോട്ടല്‍ പടുത്തുയര്‍ത്തണം. ശേഷം 171 റണ്‍സിന്റെ മാര്‍ജിനില്‍ സണ്‍റൈസേഴ്‌സിനെ തോല്‍പ്പിക്കണം. ഇങ്ങനെ സംഭവിച്ചാല്‍ മാത്രമേ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് കളിക്കാന്‍ കഴിയൂ. ടോസ് നേടി ഹൈദരബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയാണെങ്കില്‍ ഈ കളി ജയിച്ചാലും മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫില്‍ കയറാന്‍ പറ്റില്ല. അതായത് ടോസ് ഇടുമ്പോള്‍ തന്നെ മുംബൈയുടെ വിധി അറിയാം.

ഐപിഎല്‍ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഒരു ടീം 250 ല്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. 66 ബോളില്‍ നിന്ന് 175 റണ്‍സ് അടിച്ചു കൂട്ടിയ ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് ആ നേട്ടം സ്വന്തമാക്കിയ ഏക ടീം. അന്ന് 130 റണ്‍സിനാണ് ആര്‍സിബി വിജയിച്ചത്. ഐപിഎല്ലിലെ ഏറ്റവും വലിയ വിജയം മുംബൈ ഇന്ത്യന്‍സിന്റെ പേരിലാണ്. 2017 ല്‍ ഡെല്‍ഹി വാരിയേഴ്‌സിനെ മുംബൈ 146 റണ്‍സിന് തോല്‍പ്പിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ റണ്‍സ് മാര്‍ജിനില്‍ ഒരു ടീമിനും ജയിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ന് മുംബൈ ഇന്ത്യന്‍സിന് വേണ്ടതാകട്ടെ 171 റണ്‍സ് മാര്‍ജിനിലുള്ള ജയവും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :