രേണുക വേണു|
Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (13:50 IST)
മോശം ഫോമിലുള്ള താരങ്ങളെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കുമെന്ന സൂചനയുമായി ആകാശ് ചോപ്ര. ഇഷാന്‍ കിഷന്‍ കഴിഞ്ഞ കളിയില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേയിങ് ഇലവനില്‍ പോലും ഇടംപിടിച്ചിട്ടില്ല. മോശം ഫോമിനെ തുടര്‍ന്ന് മുംബൈയുടെ പ്ലേയിങ് ഇലവനില്‍ പോലും ഇടംപിടിക്കാത്ത താരത്തെ എങ്ങനെ ഇന്ത്യയുടെ സ്‌ക്വാഡില്‍ നിലനിര്‍ത്തുമെന്ന് ആകാശ് ചോപ്ര ചോദിച്ചു.
'സൂര്യകുമാര്‍ യാദവ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഫോം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു. പഴയ ഫോമിന്റെ ഒരു നിഴല്‍ മാത്രമാണ് സൂര്യകുമാറില്‍ ഇപ്പോള്‍ കാണുന്നത്. അതുപോലെ തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യവും. ഹാര്‍ദിക് പാണ്ഡ്യ സ്‌ക്വാഡില്‍ ഉള്ളതുകൊണ്ടാണ് മൂന്ന് പേസര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയതെന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, ഹാര്‍ദിക് ഇതുവരെ ബൗള്‍ ചെയ്തിട്ടില്ല. ഭുവനേശ്വര്‍ കുമാറിന്റെ ഫോമും ഇങ്ങനെ തന്നെ. ഒരു കാര്യം ഉറപ്പാണ് മധ്യനിരയിലേക്ക് ശ്രേയസ് അയ്യര്‍ എത്തും. നിലവിലെ സ്‌ക്വാഡില്‍ ഉള്ള ഒരു താരം തീര്‍ച്ചയായും പുറത്താകും,' ആകാശ് ചോപ്ര പറഞ്ഞു.