അഭിറാം മനോഹർ|
Last Modified ബുധന്‍, 31 മെയ് 2023 (13:22 IST)
ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അവസാന പന്തില്‍ ഏറ്റുവാങ്ങിയ തോല്‍വിക്ക് ശേഷം ആ രാത്രി തനിക്ക് ഉറങ്ങാനായില്ലെന്ന് മത്സരത്തിലെ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞ ഗുജറാത്ത് പേസര്‍ മോഹിത് ശര്‍മ. ഫൈനലില്‍ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വിജയിക്കാനായി ആവശ്യമുണ്ടായിരുന്നത്. മോഹിത് ശര്‍മ എറിഞ്ഞ ഓവറിലെ ആദ്യ നാല് പന്തുകളും യോര്‍ക്കര്‍ ലെങ്ത്തില്‍ ആയിരുന്നു. ആദ്യ 4 പന്തില്‍ നിന്നും 3 റണ്‍സാണ് ചെന്നൈ നേടിയിരുന്നത്. എന്നാല്‍ അഞ്ചാം പന്തില്‍ സിക്‌സും ആറാം പന്തില്‍ ബൗണ്ടറിയും നേടി രവീന്ദ്ര ജഡേജ ചെന്നൈയ്ക്ക് അവിശ്വസനീയമായ വിജയം സമ്മാനിക്കുകയായിരുന്നു.
അതേസമയം അഞ്ചാം പന്തിന് മുന്‍പ് കോച്ച് നെഹ്‌റ നല്‍കിയ നിര്‍ദേശമോ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഇടപെടലോ അല്ല കളി തോല്‍പ്പിച്ചതെന്ന് മോഹിത് ശര്‍മ പറയുന്നു. നെറ്റ്‌സില്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടാനായി പതിവായി പരിശീലിക്കാറുണ്ടായിരുന്നു. അതിനാല്‍ തന്നെ എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. എല്ലാ പന്തുകളും യോര്‍ക്കര്‍ ലെങ്ത്തില്‍ എറിയാനായിരുന്നു എന്റെ പദ്ധതി. മനസില്‍ ഉദ്ദേശിച്ച പോലെ ആദ്യ നാല് പന്തുകളും എറിയാന്‍ എനിക്കായി.
ഈ സമയത്താണ് പരിശീലകന്‍ നെഹ്‌റയും നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇടപെടുന്നത്. അടുത്ത 2 പന്തില്‍ ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് മാത്രമായിരുന്നു അവര്‍ക്കറിയേണ്ടിയിരുന്നത്. യോര്‍ക്കര്‍ തന്നെ എറിയാനാണ് തീരുമാനമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ആളുകള്‍ ഇപ്പോള്‍ പറയുന്നത് ആ സമയത്ത് അവര്‍ നടത്തിയ ഇടപെടലാണ് മത്സരം നഷ്ടമാക്കിയതെന്നാണ്, സത്യം പറയുകയാണെങ്കില്‍ അതിലൊന്നും വലിയ കാര്യമില്ല. കാരണം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അഞ്ചാമത്തെ പന്ത് ജഡേജയുടെ ഉപ്പൂറ്റി ലക്ഷ്യമാക്കിയുള്ള യോര്‍ക്കറായിരുന്നു അത് ഒരല്‍പ്പം മാറിപോയി. അവസാന പന്ത് ലോ ഫുള്‍ടോസായാണ് ജഡേജയ്ക്ക് ലഭിച്ചത്. അത് ഫോറാകുകയും ചെയ്തു. ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ വന്നില്ല ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മോഹിത് പറഞ്ഞു.