രേണുക വേണു|
Last Modified ബുധന്‍, 29 മെയ് 2024 (11:19 IST)
Harshit Rana flying kiss celebration: ഐപിഎല്‍ 2024 സീസണില്‍ ഏറ്റവും വലിയ വിവാദമായ ഒന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഹര്‍ഷിത് റാണയുടെ ഫ്‌ളയിങ് കിസ് സെലിബ്രേഷന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഭിഷേക് പോറലിനെ പുറത്താക്കിയപ്പോഴാണ് ഹര്‍ഷിത് ഫ്‌ളയിങ് കിസ് സെലിബ്രേഷന്‍ നടത്തിയത്. ഇതേ തുടര്‍ന്ന് ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഹര്‍ഷിത് റാണയ്ക്ക് ഒരു മത്സരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
മേയ് മൂന്നിന് മുംബൈ ഇന്ത്യന്‍സിനെതിരായ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഹര്‍ഷിത് കളിച്ചില്ല. ഒരു മത്സരത്തിലെ വിലക്കിനൊപ്പം മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയടയ്‌ക്കേണ്ടി വരികയും ചെയ്തു. ഈ സംഭവത്തിനു ശേഷം താന്‍ ഏറെ ദുഃഖിതന്‍ ആയിരുന്നെന്നും ടീം ഓണര്‍ ഷാരൂഖ് ഖാന്‍ തന്നെ ആശ്വസിപ്പിച്ചെന്നും ഹര്‍ഷിത് റാണ പറയുന്നു. കൊല്‍ക്കത്ത ഐപിഎല്‍ കിരീടം ചൂടിയതിനു പിന്നാലെ ഹര്‍ഷിത് റാണയുടെ ഫ്‌ളയിങ് കിസ് സെലിബ്രേഷന്‍ നടത്തി ഷാരൂഖ് ഖാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
കിരീടം സ്വന്തമാക്കിയ ശേഷം ഷാരൂഖ് ഖാനൊപ്പം ചേര്‍ന്ന് നടത്തിയ ഫ്‌ളയിങ് കിസ് സെലിബ്രേഷന്‍ നേരത്തെ ആലോചിച്ചു ഉറപ്പിച്ചതാണെന്ന് ഹര്‍ഷിത് റാണ പറഞ്ഞു. ' ഒരു മത്സരത്തില്‍ വിലക്ക് നേരിട്ടതില്‍ ഞാന്‍ വല്ലാതെ വിഷമിച്ചിരുന്നു. ആ സമയത്ത് ഷാരൂഖ് സാര്‍ എന്റെ അരികില്‍ വന്ന് ആശ്വസിപ്പിച്ചു. ഫ്‌ളയിങ് കിസ് കൊണ്ട് തന്നെ ഐപിഎല്‍ നമ്മള്‍ ആഘോഷിക്കുമെന്നാണ് അദ്ദേഹം എനിക്ക് വാക്കുതന്നത്. ഐപിഎല്‍ കിരീടം വെച്ച് അങ്ങനെയൊരു ആഘോഷം നടത്താനും ഞങ്ങള്‍ക്ക് സാധിച്ചു,' റാണ പറഞ്ഞു.