രേണുക വേണു|
Last Modified തിങ്കള്‍, 27 മെയ് 2024 (16:20 IST)
Ambati Rayudu mocks Virat Kohli: ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജേതാക്കളായതിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലിയെ പരിഹസിച്ച് അമ്പാട്ടി റായുഡു. കൊല്‍ക്കത്ത താരങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പമാണ് റായുഡു കോലിയെ പരോക്ഷമായി പരിഹസിച്ചത്. ഓറഞ്ച് ക്യാപ് നേടുന്നതല്ല, ഐപിഎല്‍ കിരീടം നേടുന്നതാണ് വലിയ കാര്യമെന്ന് റായുഡു പറഞ്ഞു. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഓറഞ്ച് ക്യാപ് കരസ്ഥമാക്കിയാണ് കോലിയാണ്. എന്നാല്‍ കോലിയുടെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എലിമിനേറ്ററില്‍ പുറത്താകുകയും ചെയ്തു.
' പ്രതിഭാശാലികളായ നരെയ്ന്‍, റസല്‍, സ്റ്റാര്‍ക് എന്നിവര്‍ക്കൊപ്പം നിലകൊണ്ടതിനു കൊല്‍ക്കത്തയ്ക്കു അഭിനന്ദനങ്ങള്‍. അതോടൊപ്പം ഇവര്‍ ടീമിന്റെ വിജയത്തിനായി നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. അങ്ങനെയാണ് ഒരു ടീം ഐപിഎല്‍ ജയിക്കുന്നത്. വര്‍ഷങ്ങളായി നമ്മള്‍ ഇത് കാണുന്നതാണ്. ഓറഞ്ച് ക്യാപ് അല്ല നിങ്ങളെ ഐപിഎല്‍ ജയിപ്പിക്കുന്നത്. ഓരോ താരങ്ങളും 300 റണ്‍സ് വെച്ച് നേടുന്നതാണ് ഐപിഎല്‍ നേട്ടത്തില്‍ പ്രധാനം,' സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുന്നതിനിടെ റായുഡു പറഞ്ഞു.
ആര്‍സിബിക്കെതിരെ നേരത്തെയും റായുഡു രംഗത്തെത്തിയിരുന്നു. വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ ടീമിന്റെ താല്‍പര്യങ്ങളെ കാര്യമായി എടുത്തിരുന്നെങ്കില്‍ ആര്‍സിബിക്ക് ഒന്നിലേറെ ഐപിഎല്‍ കിരീടം കിട്ടിയേനെ എന്നാണ് റായുഡു പറഞ്ഞത്. ടീമിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന താരങ്ങളെ സ്വന്തമാക്കൂ എന്നാണ് റായുഡു അഭിപ്രായപ്പെട്ടത്.