അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 മെയ് 2024 (19:43 IST)
ഇക്കഴിഞ്ഞ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായിരുന്നു കൊല്‍ക്കത്തയുടെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്ക്. സീസണിലെ ആദ്യ മത്സരങ്ങളില്‍ 24.75 കോടി രൂപ കൊടുത്ത് സ്റ്റാര്‍ക്കിനെ വാങ്ങിയ തീരുമാനം കൊല്‍ക്കത്ത കാണിച്ച മണ്ടത്തരമെന്ന് വിമര്‍ശനങ്ങള്‍ വന്നെങ്കിലും പ്ലേ ഓഫിലും ഫൈനലിലും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ നേടികൊണ്ടാണ് സ്റ്റാര്‍ക് തന്റെ മൂല്യം തെളിയിച്ചത്. കലാശക്കളിയില്‍ സ്റ്റാര്‍ക്കിന്റെ ഓവര്‍ നല്‍കിയ മികച്ച തുടക്കമായിരുന്നു മത്സരത്തിന്റെ ഗതി നിശ്ചയിച്ചത്.
25 കോടിയോളം രൂപ മുടക്കി ടീം സ്വന്തമാക്കിയ താരമാണെങ്കിലും അടുത്തവര്‍ഷം മെഗാ താരലേലം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സീനിയര്‍ താരമായ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നിലനിര്‍ത്തുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്.മെഗാതാരലേലത്തില്‍ നാല് താരങ്ങളെ മാത്രമാകും കൊല്‍ക്കത്തയ്ക്ക് നിലനിര്‍ത്താനാവുക. സുനില്‍ നരെയ്ന്‍ ആന്ദ്രേ റസ്സല്‍ എന്നീ താരങ്ങളെ കൊല്‍ക്കത്ത നിലനിര്‍ത്തുകയാണെങ്കില്‍ മൂന്നാമനായി നായകന്‍ ശ്രേയസ് അയ്യരെ ടീം നിലനിര്‍ത്താന്‍ സാധ്യതയേറെയാണ്. ഇന്ത്യന്‍ താരങ്ങളില്‍ വെങ്കിടേഷ് അയ്യരെയും കൊല്‍ക്കത്ത നിലനിര്‍ത്തിയേക്കും. അങ്ങനെയെങ്കില്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത കൈവിടുമെന്നാണ് ആരാധകരും കരുതുന്നത്.
ഇതിനിടെ അടുത്ത സീസണില്‍ കൊല്‍ക്കത്തയില്‍ തുടരാന്‍ തനിക്ക് സമ്മതാമ്മെന്ന സൂചനയാണ് സ്റ്റാര്‍ക് നല്‍കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മാനേജ്‌മെന്റാണെന്നും സ്റ്റാര്‍ക്ക് പറയുന്നു. കൊല്‍ക്കത്ത ടീമിനൊപ്പമുണ്ടായിരുന്ന കഴിഞ്ഞ 9 ആഴ്ചകള്‍ ഏറെ ആസ്വാദ്യകരമായിരുന്നുവെന്നും സ്റ്റാര്‍ക് പറഞ്ഞു.