അഭിറാം മനോഹർ|
Last Modified ഞായര്‍, 14 ഏപ്രില്‍ 2024 (20:13 IST)
2022ലെ ടി20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നത്. എന്നാാല്‍ 2023ലെ ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തോടെ രോഹിത് ശര്‍മയെ ടി20 ടീമിലേക്ക്
ബിസിസിഐ തിരിച്ചുവിളിച്ചിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കണമെന്ന ആവശ്യമാണ് ബിസിസിഐ രോഹിത്തിന് മുന്നില്‍ വെച്ചത്. ഏകദിന ലോകകപ്പ് നേടാനായില്ലെങ്കിലും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ബിസിസിഐ വിശ്വാസം വെയ്ക്കുകയായിരുന്നു. ഇതോടെ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ രോഹിത്തും കോലിയും ടീമിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ടി20 ടീമിനെ ഇത്രക്കാലം നയിച്ച താരമെന്ന നിലയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ലോകകപ്പ് ടീമില്‍ ഇടം നേടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിലെ ഹാര്‍ദ്ദിക്കിന്റെ പ്രകടനത്തില്‍ ബിസിസിഐ സംതൃപ്തരല്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐപിഎല്ലിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും 129 റണ്‍സാണ് ഹാര്‍ദ്ദിക് നേടിയത്. ഓള്‍ റൗണ്ടറായ താരം ആകെ എറിഞ്ഞത് 8 ഓവര്‍ മാത്രമാണ്. 11.13 ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റ് മാത്രമാണ് ഹാര്‍ദ്ദിക്കിന് നേടാനായത്.
തുടര്‍ച്ചയായ മത്സരങ്ങളില്‍ ഹാര്‍ദ്ദിക് പന്തെറിയാത്തത് താരത്തിന്റെ കായികക്ഷമതയെ പറ്റി സംശയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മോശം പ്രകടനത്തിന് പുറമെ ഫിറ്റ്‌നസും സംശയത്തിന്റെ നിഴലിലായതോടെ ഹാര്‍ദ്ദിക്കിന് പകരം ശിവം ദുബെയെ ഓള്‍ റൗണ്ടറായി ഇന്ത്യ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. 5 മത്സരങ്ങളില്‍ നിന്ന് 176 റണ്‍സാണ് ദുബെ നേടിയിട്ടുള്ളത്. മധ്യഓവറുകളില്‍ റണ്‍സ് ഉയര്‍ത്താനുള്ള ദുബെയുടെ മികവ് ഇന്ത്യയ്ക്ക് ഉപകാരമാകുമെന്നാണ് ദുബെയെ പിന്തുണയ്ക്കുന്നവരുടെ വാദം.