അഭിറാം മനോഹർ|
Last Modified ബുധന്‍, 15 മെയ് 2024 (17:15 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സിനെയും മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണിനെയും നിര്‍ത്തിപൊരിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായ ഗൗതം ഗംഭീര്‍. ഹാര്‍ദ്ദിക്കിനെ വിമര്‍ശിക്കുന്ന പീറ്റേഴ്‌സണൂം ഡിവില്ലിയേഴ്‌സുമെല്ലാം നായകന്മാരായി എത്ര ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ടെന്ന് സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ ചോദിച്ചു.
ക്യാപ്റ്റന്മാരെന്ന നിലയില്‍ ഡിവില്ലിയേഴ്‌സിന്റെയും പീറ്റേഴ്‌സന്റെയും റെക്കോര്‍ഡുകള്‍ അത്ര മികച്ചതല്ല. ആര്‍സിബിയില്‍ ദീര്‍ഘക്കാലമായി കളിച്ചിട്ടും ആര്‍സിബിക്ക് വേണ്ടി ഒന്നും നേടാന്‍ ഡിവില്ലിയേഴ്‌സിന് സാധിച്ചിട്ടില്ല. വ്യക്തിഗത പ്രകടനങ്ങള്‍ മാത്രമാകും ഡിവില്ലിയേഴ്‌സിന് പറയാനുണ്ടാകുക. ഗംഭീര്‍ പറഞ്ഞു. ഈ കുറ്റം പറയുന്നവര്‍ ക്യാപ്റ്റന്മാരായിരുന്നപ്പോള്‍ എന്ത് പ്രകടനമാണ് നടത്തിയതെന്ന് നോക്കുന്നത് നല്ലതായിരിക്കും. അത് ഡിവില്ലിയേഴ്‌സായാലും പീറ്റേഴ്‌സണായാലും ക്യാപ്റ്റനെന്ന നിലയില്‍ ഇവര്‍ ഐപിഎല്ലില്‍ ഒന്നും ചെയ്തിട്ടില്ല. ഹാര്‍ദ്ദിക് ഇപ്പോഴും ഒരു ഐപിഎല്‍ കിരീടം സ്വന്തമാക്കിയ നായകനാണ് അതുകൊണ്ട് ഓറഞ്ചിനെ ഓറഞ്ചുമായെ താരതമ്യം ചെയ്യാവു. ആപ്പിളും ഓറഞ്ചും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും ഗംഭീര്‍ പറഞ്ഞു.