രേണുക വേണു|
Last Modified തിങ്കള്‍, 13 മെയ് 2024 (20:14 IST)
Rohit Sharma and Hardik Pandya: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തരുതെന്ന് നായകന്‍ രോഹിത് ശര്‍മ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലാണ് ഇരുവരും കളിക്കുന്നത്. തന്നെ മാറ്റി പാണ്ഡ്യയെ നായകനാക്കിയ മുംബൈ മാനേജ്‌മെന്റ് നിലപാടില്‍ രോഹിത്തിനു അതൃപ്തിയുണ്ടെന്നും ഇരു താരങ്ങളും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രോഹിത്തിനും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിനും ഹാര്‍ദിക്കിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമില്ലായിരുന്നു എന്നാണ് ദേശീയ മാധ്യമമായ ദൈനിക് ജാഗ്രന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓള്‍റൗണ്ടര്‍ ആയി എന്ന ഒറ്റ കാരണത്താലും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ആവശ്യം കൂടി പരിഗണിച്ചുമാണ് ഒടുവില്‍ ഹാര്‍ദിക് ടീമില്‍ ഇടം പിടിച്ചത്. ലോകകപ്പിനു ശേഷം രോഹിത് ശര്‍മ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുംബൈ ഇന്ത്യന്‍സ് ക്യാംപിലെ പടലപിണക്കങ്ങളെ കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ ടീമിലെ ഇന്ത്യന്‍ താരങ്ങളെല്ലാം രോഹിത്തിനെ പിന്തുണയ്ക്കുകയും വിദേശ താരങ്ങള്‍ ഹാര്‍ദിക്കിനൊപ്പവും ആണെന്നാണ് റിപ്പോര്‍ട്ട്.