അഭിറാം മനോഹർ|
Last Modified ഞായര്‍, 24 മാര്‍ച്ച് 2024 (15:18 IST)
Harshal patel, Mitchell starc
ഐപിഎല്ലില്‍ എല്ലാക്കാലത്തും മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എന്നാല്‍ ബാറ്റര്‍മാര്‍ മത്സരങ്ങള്‍ ജയിപ്പിക്കും പക്ഷേ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ മികച്ച ബൗളര്‍മാര്‍ വേണമെന്ന തിയറി ഒരുക്കാലത്തും ഓര്‍ക്കാത്തവരാണ് ആര്‍സിബി. അതിനാല്‍ തന്നെ മുന്‍നിര തകര്‍ന്നടിയുന്ന മത്സരങ്ങളില്‍ ആര്‍സിബി തകര്‍ന്നടിയുന്നതും ബാറ്റിംഗ് നിര 200ന് മുകളില്‍ റണ്‍സ് നേടിയാലും ടീം തോല്‍ക്കുന്നതുമെല്ലാം പതിവ് കാഴ്ചയാണ്.
ഇത്തവണ ഐപിഎല്ലിലെ ആദ്യ 2 ദിവസം പിന്നിടുമ്പോള്‍ ആര്‍സിബി ബൗളര്‍മാര്‍ ഈ സീസണിലും മികച്ച ചെണ്ടകളാകുമെന്ന തെളിവ് നല്‍കി കഴിഞ്ഞു. രസകരമായ കാര്യം അതൊന്നുമല്ല. മുന്‍ ആര്‍സിബി താരങ്ങളും തല്ലുകൊള്ളുന്നതില്‍ മത്സരത്തിലാണ്. ഇന്നലെ പഞ്ചാബ് കിംഗ്‌സും ഡല്‍ഹിയും ഹൈദരാബാദും കൊല്‍ക്കത്തയും തമ്മിലായിരുന്നു മത്സരം. രണ്ട് മത്സരങ്ങളിലും ഡെത്ത് ഓവറുകളില്‍ അടി വയറുനിറച്ച് വാങ്ങിയത് മുന്‍ ആര്‍സിബി താരങ്ങളും. ഡല്‍ഹിക്കെതിരെ മുന്‍ ആര്‍സിബി താരമായിരുന്ന ഹര്‍ഷല്‍ പട്ടേല്‍ അവസാന ഓവറില്‍ വിട്ടുകൊടുത്തത് 25 റണ്‍സായിരുന്നു.മത്സരത്തില്‍ 2 വിക്കറ്റെടുക്കാന്‍ സാധിച്ചെങ്കിലും 4 ഓവറില്‍ 47 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
ഹൈദരാബാദിനെതിരായ മത്സരത്തില്‍ നിര്‍ണായകമായ പത്തൊമ്പതാം ഓവറാണ് മുന്‍ ആര്‍സിബി താരമായ മിച്ചല്‍ സ്റ്റാര്‍ക്ക് പന്തെറിഞ്ഞത്. 4 സിക്‌സുകള്‍ സഹിതം 26 റണ്‍സാണ് ഈ ഓവറില്‍ താരം വിട്ടുകൊടുത്തത്. കൊല്‍ക്കത്ത വിജയിച്ചെങ്കിലും അവസാന ഓവറില്‍ ഹൈദരാബാദിന് വിജയപ്രതീക്ഷ നല്‍കാന്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓവറിന് സാധിച്ചിരുന്നു. ഐപിഎല്‍ മുന്നേറും തോറും തല്ലുവാങ്ങുന്ന ബൗളര്‍മാര്‍ ഇനിയും ഏറും. എന്നാല്‍ ഡെത്ത് ഓവറുകളില്‍ തല്ലുവാങ്ങുന്നവരില്‍ ആര്‍സിബി ബൗളര്‍മാരുടെ തട്ട് താണു തന്നെ ഇരിക്കും. മുന്‍ ആര്‍സിബി ബൗളര്‍മാര്‍ പോലും ആ ചരിത്രത്തില്‍ വെള്ളം ചേര്‍ക്കുന്നില്ല.