Chennai Super Kings: ജഡേജ കരുത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തി ചെന്നൈ; പോയിന്റ് ടേബിള്‍ ഇങ്ങനെ

പേരുകേട്ട കൊല്‍ക്കത്ത ബാറ്റിങ് നിരയെ ചെന്നൈ തുടക്കം മുതല്‍ പിടിച്ചുകെട്ടി

Chennai Super Kings
രേണുക വേണു| Last Modified ചൊവ്വ, 9 ഏപ്രില്‍ 2024 (08:51 IST)
Chennai Super Kings

Chennai Super Kings: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. തോല്‍വി അറിയാതെ കുതിക്കുകയായിരുന്ന കൊല്‍ക്കത്തയെ ഹോം ഗ്രൗണ്ടില്‍ വെച്ച് ചെന്നൈ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ജയം സ്വന്തമാക്കി. രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.

പേരുകേട്ട കൊല്‍ക്കത്ത ബാറ്റിങ് നിരയെ ചെന്നൈ തുടക്കം മുതല്‍ പിടിച്ചുകെട്ടി. 32 പന്തില്‍ 34 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. സുനില്‍ നരെയ്ന്‍ 20 പന്തില്‍ 27 റണ്‍സ് നേടി. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാല് ഓവറില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ തുഷാര്‍ ദേശ്പാണ്ഡെയുമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. മുസ്തഫിസുര്‍ റഹ്‌മാന്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

കൊല്‍ക്കത്തയുടെ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ചെന്നൈ തുടക്കം മുതല്‍ ശ്രദ്ധയോടെ കളിച്ചു. നായകനും ഓപ്പണറുമായ ഋതുരാജ് ഗെയ്ക്വാദ് 58 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതം 67 റണ്‍സുമായി പുറത്താകാതെ നിന്നു. ശിവം ദുബെ 28 റണ്‍സും ഡാരില്‍ മിച്ചല്‍ 25 റണ്‍സും നേടി.

അഞ്ച് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും സഹിതം ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ് ചെന്നൈ. കൊല്‍ക്കത്ത നാല് കളികളില്‍ മൂന്ന് ജയവുമായി ആറ് പോയിന്റോടെ രണ്ടാം സ്ഥാനത്ത്. നാലില്‍ നാലും ജയിച്ച രാജസ്ഥാന്‍ റോയല്‍സാണ് ഒന്നാമത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നാലില്‍ മൂന്നിലും ജയിച്ച് മൂന്നാം സ്ഥാനത്തുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :