ഡല്‍ഹി ഒരു നനഞ്ഞ പടക്കമല്ല; ‘വെടിക്കെട്ടി’ന്റെ ഈ കണക്കുകള്‍ ധോണിയെ ഭയപ്പെടുത്തും - ആശങ്കയോടെ ചെന്നൈ

ചെന്നൈ| Last Modified വ്യാഴം, 9 മെയ് 2019 (15:46 IST)
കാര്യങ്ങളൊന്നും ശരിയാകുന്നില്ലെന്ന് മഹേന്ദ്ര സിംഗ് ധോണി തുറന്നു പറഞ്ഞു കഴിഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും പിന്നാലെ ഒന്നാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോടും ദയനീയമായി പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ പതിവില്ലാത്ത സമ്മര്‍ദ്ദം നിറയുകയാണ്.

രണ്ടാം ക്വാളിഫയറില്‍ ഭാവി ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍‌സിനെയാണ് നേരിടേണ്ടത്. ചെന്നൈയേക്കാളും ശക്തരാണ് ശ്രയേസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയെന്ന് സി എസ് കെ ആരാധകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍, ധോണിയെന്ന അതികായനിലാണ് അവരുടെ എല്ലാ പ്രതീക്ഷകളും.

ചെന്നൈ സ്‌പിന്‍ ബോളിംഗിനെ ആശ്രയിക്കുമ്പോള്‍ ബാറ്റിംഗ് കരുത്താണ് ഡല്‍ഹിയുടെ കൈമുതല്‍. ഇതാണ് ചെന്നൈയെ ഭയപ്പെടുത്തുന്നത്. ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, പൃഥി ഷാ, ശ്രേയസ് അയ്യര്‍ എന്നീ നാല് ബാറ്റിംഗ് വെടിക്കെട്ടുകള്‍ മത്സരം മാറ്റി മറിക്കാന്‍ ശേഷിയുള്ളവരാണ്.

15 മത്സരങ്ങളില്‍ നിന്ന് ധവാന്‍ 503 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ഇത്രയും മത്സരങ്ങളില്‍ നിന്ന് പന്ത് അടിച്ചെടുത്തത് 450 റണ്‍സാണ്. ക്യാപ്‌റ്റന്‍ ശ്രേയസ് അയ്യരുടെ ബാറ്റില്‍ നിന്ന് ഒഴുകിയത് 450 റണ്‍സ്. ഓപ്പണര്‍ പൃഥി ഷാ 348 റണ്‍സുമായി ഇവര്‍ക്ക് പിന്നാലെയുണ്ട്.

ഇത്രയും ശക്തമായ ബാറ്റിംഗ് നിരയുള്ള ഡല്‍ഹിക്ക് മുമ്പില്‍ ഷെയ്‌ന്‍ വാട്‌സണ്‍, ഫാഹ് ഡ്യുപ്ലെസി, സുരേഷ് റെയ്‌ന, ധോണി എന്നീ ലോകോത്തര താരങ്ങള്‍ പിന്നിലാണെന്നതാണ് ശ്രദ്ധേയം.

സി എസ് കെയ്‌ക്ക് 2018 ഐ പില്‍ കിരീടം സമ്മാനിച്ച വാട്‌സണ്‍ 15 കളികളില്‍ നിന്ന് 268 റണ്‍സ് മാത്രമാണ് നേടിയത്. 10 കളികളില്‍ നിന്ന് ഡ്യുപ്ലെസി 320 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ എല്ലാ മത്സരവും കളിച്ച റെയ്‌ന 364 റണ്‍സ് മാത്രമാണ് നേടിയത്. വലറ്റത്തും മധ്യനിരയിലുമായി ഇറങ്ങുന്ന ധോണിയാണ് ഇവരില്‍ കേമന്‍. 13 കളികളില്‍ 405 റണ്‍സാണ് ക്യാപ്‌റ്റന്‍ നേടിയത്.

ഈ ബാറ്റിംഗ് കണക്കുകള്‍ ചെന്നൈയെ ഭയപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്. കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ബാറ്റിംഗിനൊപ്പം ബോളിംഗും വിജയം കണ്ടില്ലെങ്കില്‍ ഡല്‍ഹിയോട് ബൈ പറഞ്ഞ് പിരിയേണ്ടി വരും അവര്‍ക്ക്. അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ഡെയ്‌ന്‍ ബ്രാവോ എന്നിവര്‍ ഇനിയെങ്കിലും തിളങ്ങിയില്ലെങ്കില്‍ ധോണിക്ക് ഇനിയൊന്നും ചെയ്യാന്‍ ഉണ്ടാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :