ചെന്നൈ|
jibin|
Last Updated:
ബുധന്‍, 11 ഏപ്രില്‍ 2018 (15:58 IST)
തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ‘വയസന്‍പട’യെന്ന വിമര്‍ശകരുടെ വിളി നിലനില്‍ക്കുമ്പോഴും കൂട്ടായ പരിശ്രമത്തിലൂടെ ആരും കൊതിക്കുന്ന ജയം നേടുകയാണ് ചെന്നൈ.
ആദ്യ മത്സരത്തില്‍ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈയ്‌ക്ക് ജയം നേടിക്കൊറ്റുത്തത് ബ്രാവോ ആയിരുന്നെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ തകര്‍ത്താടിയത് ഷെയ്ന്‍ വാട്സണും സാം ബില്ലിംഗ്‌സണുമായിരുന്നു.
ഓപ്പണിംഗ് വിക്കറ്റില്‍ മാരക പ്രകടനം പുറത്തെടുത്ത വാട്‌സണ്‍ 19 പന്തില്‍ 42 റണ്‍സാണ് അടിച്ചു കൂട്ടിയത്. സിക്‍സറുകളും ഫോറുകളും മുന്‍ ഓസ്‌ട്രേലിയന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ഒഴുകിയപ്പോള്‍ കനത്ത നഷ്‌ടം നേരിട്ടത് കൊല്‍ക്കത്തയ്‌ക്ക് മാത്രമല്ല. ബൌണ്ടറി ലൈനിന് സമീപം ഇരുന്ന മാധ്യമപ്രവര്‍ത്തകനും നഷ്‌ടം നേരിടേണ്ടി വന്നു.
ചെന്നൈ ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറിലായിരുന്നു വാട്‌സണ്‍ പറത്തിയ കൂറ്റന്‍ ഷോട്ട് മാധ്യമപ്രവര്‍ത്തകന്റെ ലാപ്‌ടോപ്പില്‍ വീണത്. ലാപ്‌ടോപ്പിന്റെ സൈഡില്‍ പന്ത് തട്ടിയതോടെ സ്‌ക്രീന്‍ തകര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയാണ്. അതേസമയം, വാട്‌സണ്‍ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവയ്‌ക്കുന്നുണ്ട്.