അപര്‍ണ|
Last Modified ബുധന്‍, 11 ഏപ്രില്‍ 2018 (08:06 IST)
കാവേരി വിഷയം തമിഴകത്ത് ആളിക്കത്തുകയാണ്. തമിഴ്നാടിനിപ്പോള്‍ ആവശ്യം ക്രിക്കറ്റ് അല്ലെന്നും വെള്ളമാണെന്നും തമിഴകം ഒന്നാകെ ആവശ്യപ്പെടുന്നു. തമിഴ് സംഘടനകളുടെ ബഹിഷ്കരണ ഭീഷണി നിലനില്‍ക്കേ ഐ പി എല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ രണ്ടാം ജയം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അസാമാന്യ പോരാട്ടവീര്യത്തിന് മുന്നില്‍ അടിപതറാതെ ധോണിയുടെ ചുണക്കുട്ടികള്‍. അഞ്ചു വിക്കറ്റിനാണ് ധോണിയുടെയും സംഘത്തിന്റെയും ജയം. കൊൽക്കത്ത ഉയർത്തിയ 203 എന്ന കൂറ്റന്‍ റണ്‍മല ഒരേയൊരു പന്തു ബാക്കി നിൽക്കെയാണ് ചെന്നൈ മറികടന്നത്. സീസണിൽ ചെന്നൈയുടെ രണ്ടാം വിജയവും കൊൽക്കത്തയുടെ ആദ്യ തോൽവിയുമാണിത്.
വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസലിന്റെ തകർപ്പൻ അർധസെഞ്ചുറിക്കരുത്തിൽ കൊൽക്കത്ത ഉയർത്തിയ കൂറ്റൻ സ്കോർ ചെന്നൈ മറികടന്നു. റണ്‍മലയെ മറികടക്കുമ്പോള്‍ ഇക്കുറിയും ഒരറ്റത്ത് ഡ്വയിൻ ബ്രാവോ പുറത്താകാതെ നിന്നു.
പ്രതിസന്ധികള്‍ക്കിടയില്‍ ജയം അത്യാവശ്യമായിരുന്നു ചെന്നൈയ്ക്ക്. ജയിക്കാനുറച്ചായിരുന്നു ധോണിയും കൂട്ടാളികളും ക്രീസിലിറങ്ങിയത്. വാട്സനും അമ്പാട്ടി റായിഡുവും ചേർന്ന് മിന്നുന്ന തുടക്കം തന്നെയാണ് ചെന്നൈയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 75 റൺസ്.
കാര്യമായ സംഭാവനകളുമായി തിളങ്ങിയ അമ്പാട്ടി റായിഡു (26 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 39), സുരേഷ് റെയ്ന (12 പന്തിൽ ഒരു സിക്സുൾപ്പെടെ 14), മഹേന്ദ്രസിങ് ധോണി (28 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 25) എന്നിവരും ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.