ഹോണ്ടുറാസിനുള്ള സൈനിക സഹായം യുഎസ് നിര്‍ത്തി

തെഗൂസിഗല്പ| WEBDUNIA| Last Modified വ്യാഴം, 9 ജൂലൈ 2009 (09:51 IST)
മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിന് നല്‍കിവന്ന സൈനിക സഹാ‍യം നിര്‍ത്താന്‍ തീരുമാനിച്ചു. ഹോണ്ടുറാസില്‍ ജനാധിപത്യം അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് അമേരിക്ക ആ രാജ്യത്തിനുള്ള സൈനിക സഹായം നിര്‍ത്തിയത്. 16.5 മില്യന്‍ ഡോളറിന്‍റെ സൈനിക സഹായമാണ് അമേരിക്ക ഹോണ്ടുറാസിന് വാഗ്ദാനം ചെയ്തത്.

സൈനിക സഹായം നിര്‍ത്തുന്നതായി ഹോണ്ടുറാസിലെ അമേരിക്കന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. ജൂണ്‍ 28ന് പ്രസിഡന്‍റ് മാനുവല്‍ സെലായയെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഹോണ്ടുറാസില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. രാജ്യത്തിന്‍റെ പലഭാഗങ്ങളിലും സെലായയുടെ അനുയായികള്‍ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.

രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടക്കമുള്ള ലോക രാജ്യങ്ങള്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയ സെലായയെ പട്ടാളം കോസ്റ്ററിക്കയിലേക്ക് നാടുകടത്തിയിരുന്നു. രണ്ട് ദിവസം മുന്‍പ് രാജ്യത്ത് തിരിച്ചെത്താന്‍ ശ്രമിച്ച അദ്ദേഹത്തിന്‍റെ വിമാനം സൈനിക ഭരണകൂടം തിരിച്ചയക്കുകയായിരുന്നു.

വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള ഹിതപരിശോധനയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സൈന്യം അധികാരം പിടിച്ചെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :