ഹെയ്ത്തിയില്‍ പെരുവഴിയിലായത് നാലുലക്ഷം പേര്‍

പോര്‍ട്ട് ഓ പ്രിന്‍സ്| WEBDUNIA|
PRO
ഒരാഴ്ച മുമ്പുണ്ടായ ഭൂചലനത്തില്‍ ഹെയ്ത്തിയില്‍ ഭവന രഹിതരായവര്‍ നാലുലക്ഷം പേര്‍. ഇത്രയും പേര്‍ക്ക് സുരക്ഷിതമായ താല്‍ക്കാലിക അഭയം പോലും നല്‍കാനാകാതെ വീര്‍പ്പുമുട്ടുകയാണ് ഹെയ്ത്തി.

ഹെയ്ത്തി അധികൃതര്‍ തന്നെയാണ് നാലു ലക്ഷം പേരെ പുനരധിവസിപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയത്. ഭവന രഹിതരായവര്‍ക്കായി കെട്ടിയ താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതിന്‍റെ നാലു മടങ്ങ് ആളുകളാണ് പലയിടങ്ങളിലും ഉള്ളത്.

തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ തുറസായ സ്ഥലങ്ങളില്‍ കെട്ടിയ ഇരുന്നൂറോളം ക്യാമ്പിലാണ് ഇപ്പോള്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്. മരങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് ഷീറ്റും, ടാര്‍പ്പാളിനും, ബ്ലാങ്കെറ്റും വലിച്ചുകെട്ടിയാണ് പലരും താമസിക്കുന്നത്.

പുതിയ ക്യാമ്പുകള്‍ തയ്യാറാക്കുന്നതിനനുസരിച്ച് ആളുകളെ മാറ്റുമെന്ന് അധികൃതര്‍ പറയുന്നുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ പുതിയ ക്യാമ്പുകള്‍ തയ്യാറാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിലെ ക്യാമ്പുകളിലേക്ക് വേണ്ട രീതിയില്‍ ഭക്ഷണമോ വെള്ളമോ എത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.

വെള്ളവും ഭക്ഷണവും മരുന്നുകളും മറ്റുമായി വിവിധ രാജ്യങ്ങളില്‍ നിന്നും ആയിരത്തിനാനൂറോളം വിമാനങ്ങള്‍ ഹെയ്ത്തിയിലെത്താന്‍ കാത്തുകിടക്കുകയാണ്. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിലെ സിംഗിള്‍ റണ്‍‌വെയില്‍ ഒരു ദിവസം 120 മുതല്‍ 140 വിമാനങ്ങള്‍ക്കുമാത്രമേ എത്താന്‍ കഴിയൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :